KeralaLatest

ട്രാക്കില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്

“Manju”

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. റെയില്‍വേ പൊലീസ് സേനാംഗങ്ങളുടെ അവസരോചിത ഇടപെടല്‍ കുട്ടിയെ രക്ഷപ്പെടുത്തി. വൈകിയോടിയ മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍, റിയശ്രീ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാല്‍ വഴുതി വീണത്.
രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി ബിനീഷ്, എംഎസ് ഷാന്‍ എന്നിവര്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികള്‍ക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. പൊലീസുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൂക്കിനു നേരിയ പരിക്കേറ്റു.
സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ മാനേജര്‍ എം ശിവാനന്ദന്‍, സ്റ്റാഫ്‌ ആതിര എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് ഓഫീസര്‍മാരെ വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അനുമോദിച്ചു.

Related Articles

Back to top button