Uncategorized

യുക്രെയ്ന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് തിരികെ വരാന്‍ സഹായം അഭ്യര്‍ത്ഥിച്ചു

“Manju”

ചെന്നൈ: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തിരികെ നാട്ടിലേക്ക് വരാന്‍ തയ്യാറാണെന്ന് മാതാപിതാക്കള്‍. കോയമ്പത്തൂര്‍ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നത്. മൂന്ന് ദിവസം മുന്‍പ് മകനുമായി സംസാരിച്ചുവെന്നും അവന്‍ നാട്ടിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായും പിതാവ് രവിചന്ദ്രന്‍ അറിയിച്ചു.

മകന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് സായ് നികേഷിനെ കണ്ടെത്തി മടക്കിക്കൊണ്ടുവരാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കിയതായി രവിചന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് സായിയുമായി സംസാരിക്കുന്നത്. തിരിച്ചുവരണമെന്ന് സായ് പറഞ്ഞശേഷം ഇതുവരേയും അവനുമായി സംസാരിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം ഇനി ദുഷ്‌കരമായിരിക്കുമെന്നാണ് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പും അതിന് ശേഷവും രാജ്യം വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. എന്നാല്‍ സായി ഇതുവരേയും എംബസിയുമായി ബന്ധപ്പെട്ടിരുന്നില്ല. മാതാപിതാക്കള്‍ യുക്രെയ്ന്‍ വിട്ട് മടങ്ങണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് പറഞ്ഞ് സായ് പിന്മാറുകയായിരുന്നു.സൈന്യത്തില്‍ ചേരണമെന്ന സായ്‌നികേശിന്റെ അതിയായ ആഗ്രഹമാണ് യുക്രെയ്‌നൊപ്പം ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചത്.

രണ്ട് തവണ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ സായ്‌നികേഷ് ശ്രമം നടത്തിയിരുന്നു.എന്നാല്‍ സൈന്യത്തില്‍ ചേരാന്‍ ആവശ്യമായ ഉയരം ഇല്ലാത്തതിനാല്‍ അത് നഷ്ടപ്പെടുകയായിരുന്നു.അമേരിക്കന്‍ ആംഡ് ഫോഴ്സില്‍ ചേരാനും യുവാവിന് ആഗ്രഹമുണ്ടായിരുന്നു.അതിന് വേണ്ടി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ പോയി അന്വേഷിച്ചു.എന്നാല്‍ അതും സാധ്യമായില്ല.പിന്നാലെയാണ് എയ്‌റോസപേസ് എഞ്ചിനീയറിംഗിന് ഖാര്‍കീവിലെ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നത്.

Related Articles

Back to top button