KeralaLatest

വീടുകളിലും റോഡിലും രക്തക്കറ,അസാധാരണ ശബ്ദം; ആറ്റത്രക്കാര്‍ പരിഭ്രാന്തിയില്‍

“Manju”

എരുമപ്പെട്ടി: നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി റോഡിലും വീടുകളിലും രക്തക്കറ. ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലുമാണ് രക്തക്കറ കണ്ടത്.
ഞായറാഴ്ച രാവിലെയോടെയാണ് വീടുകളുടെ പുറത്ത് രക്തക്കറ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയില്‍ റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണ് കിടക്കുന്നത് കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയോടെ പുത്തൂര്‍ വീട്ടില്‍ സിജോയുടെ വീടിന്റെ പുറകുവശത്തുനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വാഷിങ് മെഷീന്‍ മറിച്ചിട്ടിരിക്കുകയാണ്. പരിസരത്ത് ചോരപ്പാടുകളും ഉണ്ടായി.
നീലങ്കാവില്‍ വീട്ടില്‍ ഡേവീസിന്റെ വീടിന്റെ പുറകുവശത്തും ടെറസിനു മുകളിലേക്ക് കയറുന്ന പടികളിലും ടെറസിന്റെ മുകളിലും ചോരപ്പാടുകളുണ്ട്. മുല്ലയ്ക്കല്‍ വീട്ടില്‍ വിഷ്ണു ലാലിന്റെ വീട്ടുമുറ്റത്തും വീടിന്റെ ടെറസിനു മുകളിലും അറ്റത്ര വീട്ടില്‍ ഹരിദാസിന്റെ വീടിന്റെ മുറ്റത്തും അന്തിക്കാട്ടില്‍ വീട്ടില്‍ ജേക്കബിന്റെ വീട്ടുമുറ്റത്തും ചോരത്തുള്ളികള്‍ വീണിട്ടുണ്ട്. ഒറുവന്‍ മാരിയില്‍ മനോജിന്റെ വീടിന്റെ പുറകുവശത്തെ വെള്ളം വെച്ചിരുന്ന ബക്കറ്റിലും ചോരക്കറ കണ്ടെത്തി. വിളക്കുതല വീട്ടില്‍ രാജീവിന്റെ വീടിന്റെ മുന്‍വശത്തെ പൈപ്പിനു താഴെ വെള്ളം നിറച്ച ബക്കറ്റിലും ചോരക്കറ കണ്ടെത്തി.
സംഭവ സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദ​ഗ്ധരും പരിശോധന നടത്തി. എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ സാമ്ബിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി. ഇരതേടിയിറങ്ങിയ വന്യജീവികളുടെയോ ഇരകളുടേയോ ചോരത്തുള്ളികളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button