Uncategorized

ആമസോണ്‍ വനത്തില്‍ 26 ദിവസം

“Manju”

ലോകത്തിലെ ഏറ്റവും വലിയ മഹാവനമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ കാട്ടിനുള്ളില്‍ പെട്ടാല്‍ പുറം ലോകത്ത് എത്താന്‍ പോലും സാധിയ്ക്കില്ല.
ഈ കൊടുംകാട്ടില്‍ രണ്ട് സഹോദരങ്ങള്‍ കുടുങ്ങിക്കിടന്നത് 26ദിവസമാണ്. തദ്ദേശീയരായ മുറ ഗോത്രവിഭാഗക്കാരായ ഒമ്ബത് വയസ്സുള്ള ഗ്ലെയ്‌സണ്‍ ഫെറേറയും അവന്റെ ഇളയ സഹോദരന്‍ ഏഴു വയസ്സുള്ള ഗ്ലേക്കോയുമാണ് ആമസോണ്‍ വനത്തിനുള്ളില്‍ അകപ്പെട്ടത്. ഇവര്‍ ആമസോണസ് സംസ്ഥാനത്തിലെ ലാഗോ കപാന പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് താമസിക്കുന്നത്.
ചെറിയ പക്ഷികളെ വേട്ടയാടി പിടിക്കാനായി ഫെബ്രുവരി 18-ന് കാട് കയറിയ ഇവര്‍ക്ക് മാനിക്കോറിനടുത്തുള്ള കാട്ടില്‍ വച്ച്‌ വഴി തെറ്റുകയായിരുന്നു. നേരം ഇരുട്ടിയിട്ടും കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരാകുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും 260-ലധികം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രാപ്പകല്‍ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും, കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. കാലാവസ്ഥയും പ്രതികൂലമായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 26 -ന് തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ പ്രദേശവാസികള്‍ സ്വന്തമായി തിരച്ചില്‍ തുടര്‍ന്നു. അവസാനം മാര്‍ച്ച്‌ 18 -ന് കാട്ടില്‍ പോയ മരം വെട്ടുകാര്‍ കുട്ടികളില്‍ ഒരാളുടെ നിലവിളി കേള്‍ക്കുകയായിരുന്നു.
പോയി നോക്കിയ മരംവെട്ടുകാര്‍ കണ്ടത് രണ്ടു ആണ്‍കുട്ടികളും വെറും മണ്ണില്‍ കിടക്കുന്നു. വിശപ്പും വേദനയും മൂലം നടക്കാന്‍ പോലുമാകാതെ തളര്‍ന്ന് കിടക്കുകയായിരുന്നു അവര്‍. ദിവസങ്ങളായി ഭക്ഷണമില്ലാതിരുന്നതിനാല്‍ അവര്‍ മെലിഞ്ഞും, അവശനിലയിലുമായിരുന്നു. ശരീരത്തിന്റെ പലയിടത്തും ഉരഞ്ഞു പൊട്ടിയ പാടുകളുണ്ടായിരുന്നു. കാട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ ഒന്നും കഴിച്ചിട്ടില്ലെന്നും, വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും അവര്‍ മാതാപിതാക്കളോട് പറഞ്ഞു.
വീട്ടില്‍ നിന്ന് ഏകദേശം നാല് മൈല്‍ അകലെയായാണ് അവരെ കണ്ടെത്തിയത്. തുടര്‍ന്ന്, ഗ്ലേക്കോയെയും ഗ്ലെയ്‌സണെയും മണിക്കോറിലെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാനൗസിലെ മറ്റൊരു ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ വഴി അവരെ എത്തിച്ചു. ”കടുത്ത പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും കാരണം അവര്‍ അവശരാണ്. പക്ഷേ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. അവരുടെ ജീവനും ഭീഷണിയില്ല. മഴവെള്ളവും, തടാകത്തിലെ ജലവും, കാട്ടിനുള്ളില്‍ കിട്ടുന്ന പഴമായ സോര്‍വയും കഴിച്ചാണ് അവര്‍ അതിജീവിച്ചത്. ”- വടക്കന്‍ നഗരമായ മനൗസിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ജനോരിയോ കാര്‍നെറോ ഡ കുന്‍ഹ നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button