KeralaLatest

മൈക്ക് അനൗണ്‍സ്‌മെന്റ്; കള്ളനെ കുടുക്കി പൂജാരി

“Manju”

കറ്റാനം: ക്ഷേത്രത്തിലെ മോഷണവിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ച്‌ മോഷ്ടാവിനെ കുടുക്കി പൂജാരി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ് (52) മോഷണവസ്തുക്കളുമായി പിടിയിലായത്. വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച്‌ കടക്കുന്നതിനിടെയായിരുന്നു പൂജാരിയുടെ ഇടപെടല്‍.
ഞായര്‍ രാത്രി പന്ത്രണ്ടോടെ ക്ഷേത്രത്തില്‍നിന്നു ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണന്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍, ക്ഷേത്രമതില്‍ ചാടിക്കടന്ന് ഉപദേവതമാരുടെ ശ്രീകോവിലുകള്‍ക്കു മുന്നിലുണ്ടായിരുന്ന നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണു കണ്ടത്. ഓടിയെത്തിയ കണ്ണനെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ചശേഷം മോഷ്ടാവ് കടന്നു.
കണ്ണനും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഇരുട്ടില്‍ മറഞ്ഞു. ഉടന്‍ തിരികെ ക്ഷേത്രത്തിലേക്കു വന്ന കണ്ണന്‍, കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. അസമയത്തെ മൈക്ക് അനൗണ്‍സ്മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന മധുസൂദനന്‍ പിള്ളയെ പിടികൂടി. മോഷ്ടിച്ച നിലവിളക്കുകളും കണ്ടെടുത്തു. പിന്നാലെ കുറത്തികാട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വേറെയും മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

Related Articles

Back to top button