KeralaLatestThrissur

പുനര്‍ നവീകരണത്തിനൊരുങ്ങി എടവിലങ്ങ് പതിനെട്ടരയാളം കോവിലകം

“Manju”

ബിന്ദുലാൽ തൃശൂർ

ചരിത്ര സ്മാരകമായ പതിനെട്ടരയാളം കോവിലകം മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നു. കോവിലകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 44,66,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 16ന് കോവിലകം പരിസരത്ത് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും.

മുസിരിസ് പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് കോവിലകം ഏറ്റെടുക്കുന്നത്. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പഴമയുടെ തനിമ നിലനിര്‍ത്തി പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. കെട്ടിടം പുതുക്കി നിര്‍മ്മിച്ച് നാലുചുറ്റിലും നടപ്പാതയും ഇരിപ്പിടങ്ങളും കവാടവും നടപ്പന്തലും നിര്‍മ്മിച്ച് ഒരു പൊതുകേന്ദ്രമെന്ന നിലയില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയം കുട്ടികള്‍ക്കും ഉച്ച മുതല്‍ വൈകീട്ട് വരെയുള്ള സമയം സ്ത്രീകള്‍ക്കും വൈകുന്നേരം മുതല്‍ രാത്രി നിശ്ചിത സമയം വരെ മുതിര്‍ന്നവര്‍ക്കും വായനയ്ക്കും വിനോദ-വിശ്രമവേളകള്‍ക്കും ഈ കേന്ദ്രം ഉപയോഗിക്കാം.

കൊച്ചി രാജാവിന്റെ അനന്തിരവള്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന കോവിലകമാണ് എടവിലങ്ങ് പതിനെട്ടരയാളം. രാജസദസിലെ കാവ്യ ശ്രേഷ്ഠരുടെ സംഗമ സ്ഥാനമായിരുന്നതിനാലാണ് പതിനെട്ടര പ്രശസ്തര്‍ എന്നര്‍ത്ഥം വരുന്ന പതിനെട്ടരയാളം എന്ന പേര് ലഭിച്ചത്.

എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ പി ആദര്‍ശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി മുഖ്യാതിഥിയാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പന്‍, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഇന്ദിര, വാര്‍ഡ് മെമ്പര്‍ പി കെ സുരേഷ് കുമാര്‍, തഹസില്‍ദാര്‍ കെ രേവ, പഞ്ചായത്ത് സെക്രട്ടറി ജമുനാ ജോസ്, മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button