Sports

‘ പ്രാങ്ക് ഏറ്റില്ല’ ; പുലിവാല് പിടിച്ച് രാജസ്ഥാൻ റോയൽസ്

“Manju”

മുംബൈ: ക്യാപറ്റനും മലയാളി താരവുമായ സഞ്ജു സാംസണിനെ കളിയാക്കുന്ന തരത്തിലുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതും അതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയാ ടീമിനെ പിരിച്ചുവിട്ടതും തമാശയ്‌ക്കായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ടീമിന്റെ ശ്രമം പാളിപ്പോയെന്നും നിലവാരം കുറഞ്ഞ പ്രാങ്ക് ആയിപ്പോയെന്നും പറഞ്ഞ് നിരവധി പേരാണ് ടീം മാനേജ്‌മെന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം ഒരു പ്രവൃത്തിയ്‌ക്ക് മുതിർന്ന ടീമിനെ വിലക്കണമെന്ന് വരെ ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തി. ക്യാപ്റ്റനെതിരായ ട്വീറ്റും അതിന് സഞ്ജു നൽകിയ മറുപടിയും എല്ലാം പ്രാങ്കിന്റെ ഭാഗമായിരുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ടീമുമായി ബന്ധപ്പെട്ട എല്ലാ വാർത്തകൾക്കും അപ്‌ഡേറ്റിനുമായി ആരാധകർ ആശ്രയിക്കുന്ന ഔദ്യോഗിക പോജിലൂടെ ഇത്തരമൊരു പ്രാങ്ക് ചെയ്യരുതായിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാൻ ഇതിലും നല്ല വഴികൾ ഉള്ളപ്പോൾ ടീം എന്തിനാണ് സ്വന്തം വില കളയുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സംഭവം വിവാദമായതോടെ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി രാജസ്ഥാൻ റോയൽസ്.

ടീമിന്റെ ബസിൽ സഞ്ജു യാത്ര ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ ടീം പ്രചരിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രത്തിൽ സഞ്ജുവിന് നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും എഡിറ്റ് ചെയ്ത് ചേർത്തിരുന്നു.എത്ര സുന്ദരമായിരിക്കുന്നു, എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ താരത്തിന്റെ മറുപടി ട്വീറ്റുമെത്തി. സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല പക്ഷേ ടീം പ്രൊഫഷണലായിരിക്കണം എന്ന് പറഞ്ഞ് സഞ്ജു ട്വീറ്റിനെ ടാഗ് ചെയ്യുകയും രാജ്സ്ഥാൻ റോയൽസിന്റെ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ടീമിനെ മാറ്റുകയാണെന്ന് പറഞ്ഞ് ടീം മാനേജ്മെന്റ് രംഗത്തെത്തിയത്.

Related Articles

Back to top button