KeralaLatest

യാത്രക്കൂലി വര്‍ധന ഇരട്ടയക്കത്തില്‍

“Manju”

കോട്ടയം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബസ് യാത്രക്കൂലി വര്‍ധന ഇരട്ടയക്കത്തില്‍. കിലോമീറ്റര്‍ നിരക്ക് അഞ്ച്, ഏഴ് പൈസകള്‍ വീതം വര്‍ധിപ്പിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 30 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2001ല്‍ 35 പൈസ, 2004ല്‍ 42 പൈസ, 2005ല്‍ 55പൈസ, 2012ല്‍ 58 പൈസ, 2014ല്‍ 64 പൈസ, 2018ല്‍ 70 പൈസ എന്നിങ്ങനെയാണ് കേരളത്തില്‍ ഓര്‍ഡിനറി ബസിന്‍റെ കിലോമീറ്റര്‍ യാത്രക്കൂലി നിശ്ചയിച്ചിരുന്നത്. ഇക്കുറി ഇടതു സര്‍ക്കാര്‍ 30 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയത്.
കൊറോണക്ക് മുമ്പ് 20 കിലോമീറ്റര്‍ യാത്ര ചെയ്യാവുന്ന എട്ടാം ഫെയര്‍ സ്റ്റേജില്‍ 19 രൂപയായിരുന്നു ഓര്‍ഡിനറി ബസ് നിരക്കെങ്കില്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ ഒമ്പതുരൂപ വര്‍ധിച്ച്‌ 28 രൂപയാകും. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ബസ് നിരക്കാണ് കേരളത്തില്‍ നല്‍കേണ്ടി വരുക. ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാണെന്ന് സര്‍ക്കാര്‍ പറയുമ്ബോഴും 20 കിലോമീറ്റര്‍ യാത്രചെയ്യാന്‍ 28 രൂപ നല്‍കണം. 10 കിലോമീറ്റര്‍ യാത്രക്ക് 10 രൂപക്ക് പകരം 18 രൂപ നല്‍കണം. കിലോമീറ്റര്‍ നിരക്ക് ഇവിടെ 180 പൈസയായി മാറുകയും ചെയ്യുന്നു.
കൊറോണക്ക് മുമ്ബ് ഏറ്റവും ഒടുവില്‍ ഓര്‍ഡിനറി ചാര്‍ജ് വര്‍ധിപ്പിച്ചത് 2018 ഫെബ്രുവരിയിലായിരുന്നു. അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള ഓര്‍ഡിനറി മിനിമം ചാര്‍ജ് എട്ടു രൂപയും ഓര്‍ഡിനറി കിലോമീറ്റര്‍ നിരക്ക് 70 പൈസയുമായിരുന്നു. കൊറോണക്കാലത്തു ഓര്‍ഡിനറി യാത്രക്കൂലി കിലോമീറ്ററിന് 90 പൈസയാക്കി കൂട്ടുകയും മിനിമം ചാര്‍ജിനു യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി കുറക്കുകയും ചെയ്തു. 60 പേരെ കയറ്റാവുന്ന ബസില്‍ 25 യാത്രക്കാരെ മാത്രം അനുവദിച്ചതിനാലായിരുന്നു ഈ വര്‍ധന എന്നായിരുന്നു ന്യായീകരണം. പിന്നീട് കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടും കൊറോണക്ക് മുമ്ബുള്ള ബസ് ചാര്‍ജ് പുനഃസ്ഥാപിച്ചില്ല.
മിനിമം ബസുകൂലിക്ക് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യണമെന്ന ദീര്‍ഘകാല ആവശ്യം 2011ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് അംഗീകരിച്ചത്. ഇതാണ് ഇക്കുറി മാറിമറിഞ്ഞത്. ബസ് യാത്രക്കൂലി പുതുക്കിയപ്പോള്‍ കെ.വി. രവീന്ദ്രന്‍ നായര്‍ കമീഷന്‍ നിര്‍ദേശം വീണ്ടും അട്ടിമറിക്കപ്പെടുകയും ചെയ്തു. കമീഷന്‍ റിപ്പോര്‍ട്ടില്‍, എങ്ങനെയാണ് മിനിമം യാത്രക്കൂലി നിശ്ചയിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കിലോമീറ്റര്‍ യാത്രക്കൂലിയെ മിനിമം ചാര്‍ജിനുള്ള ദൂരംകൊണ്ടു ഗുണിക്കുന്ന തുകയായിരിക്കണമെന്നാണ് പറയുന്നത്. ഇത് കൃത്യമായി നിര്‍ണയിക്കാനാവില്ലെങ്കിലും ഈ ഫോര്‍മുലയുടെ അടിസ്ഥാനത്തിലായിരിക്കണം ഓര്‍ഡിനറി, ഫാസ്റ്റ് അടക്കമുള്ളവയുടെ മിനിമം കൂലി നിശ്ചയിക്കേണ്ടതെന്ന കമീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതും ഇക്കുറി അവഗണിക്കപ്പെട്ടു.

Related Articles

Back to top button