EntertainmentLatest

അഫാസിയ രോഗം; ബ്രൂസ് വില്ലിസ് അഭിനയരംഗത്തുനിന്നു വിടവാങ്ങുന്നു

“Manju”

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് (67) അഭിനയരംഗത്തുനിന്നു പിൻമാറുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഫാസിയ രോഗം സ്ഥിരീകരിച്ചതാണ് കാരണം. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്നതാണ് ഈ രോഗം.
ഭാര്യ എമ്മ ഹെമിങ്ങും മുൻഭാര്യയും നടിയുമായ ഡെമി മൂറും ഒരുമിച്ചു പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഈ വിവരം ലോകം അറിഞ്ഞത്. ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു കുടുംബത്തിന്റെ കുറിപ്പ്. അദ്ദേഹം കുറച്ചുനാളായി ആരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകരിക്കുകയും ആശയവിനിമയ ശേഷി നഷ്‍ടപ്പെടുകയും ചെയ്‍തതിനാല്‍ അഭിനയരംഗത്തുനിന്ന് പിൻമാറുകയാണ് എന്നാണ് കുടുംബം അറിയിച്ചത്.
അഭിനയത്തിൽ സജീവമായിരുന്ന താരം 2021 ൽ 7 സിനിമകളിൽ നായകനായി എത്തി. ഈ വർഷം മൂന്ന് സിനിമകളും ഇതിനോടകം റിലീസ് ചെയ്തിരുന്നു. ആറോളം സിനിമകൾ റിലീസിനായി കാത്തിരിക്കുന്നു. അഭിനേതാവ് എന്നതിനു പുറമേ നിര്‍മാതാവും ഗായകനുമൊക്കെയായ ബ്രൂസിന്റെ പിന്മാറ്റം ഹോളിവുഡിനു വലിയ നഷ്ടം തന്നെയാകും.
‘ഡൈ ഹാർഡ്’ സീരിസിലെ ‘ജോൺ മക്ലൈൻ’ എന്ന കഥാപാത്രത്തിലൂടെയാണ് ബ്രൂസ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയതാരമാകുന്നത്. ’12 മങ്കീസ്’, ‘ദ് സിക്സ്‍ത് സെൻസ്’, ‘പൾപ്പ് ഫിക്‌ഷൻ’ , ‘ആർമെഗഡൺ’ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. ടെലിവിഷനിലും മികച്ച കഥാപാത്രങ്ങളിലൂടെ ബ്രൂസ് വില്ലിസ് ശ്രദ്ധേയനായി.
ഒട്ടേറെ പുരസ്‍കാരങ്ങളും ബ്രൂസ് വില്ലിസിനെ തേടിയെത്തിയിട്ടുണ്ട്. അഞ്ച് തവണ ഗോൾഡൻ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചു. മൂൺലൈറ്റിങ് എന്ന ചിത്രത്തിലൂടെ ഒരു തവണ ഗോൾഡൻ ഗ്ലോബ് നേടി. രണ്ടു തവണ എമ്മി അവാര്‍ഡും ലഭിച്ചു. ദ് റിട്ടേണ്‍സ് ഓഫ് ബ്രൂണോ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഗായകനായുള്ള വില്ലിസിന്റെ അരങ്ങേറ്റം.
ഹോളിവുഡിലെ പ്രമുഖ താരം ഡെമി മൂറാണ് ബ്രൂസ് വില്ലിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ റൂമെര്‍, സ്‍കൗട്ട്, ടല്ലുലാ എന്നീ മൂന്ന് പെണ്‍മക്കളും ജനിച്ചു. 2000 ത്തില്‍ ബ്രൂസും ഡെമിയും വിവാഹമോചിതരായി. പിന്നീട് നടി എമ്മ ഫ്രാൻസിസിനെ വിവാഹം ചെയ്തു. എമ്മ ഫ്രാൻസിസ്- ബ്രൂസ് വില്ലിസ് ദമ്പതിമാര്‍ക്ക് മേബൽ റേ, എവ്‌ലിൻ പെൻ എന്നീ രണ്ടു പെണ്‍മക്കളുമുണ്ട്.

Related Articles

Back to top button