Uncategorized

ഇസ്രായേലിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി

“Manju”

ജെറുസലേം: ഇസ്രായേലിൽ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നു. ഭരണകക്ഷിയായ യാമിന പാർട്ടിയുടെ എംപി രാജിവെച്ചതോടെ നഫ്താലി ബെന്നറ്റിന്റെ കീഴിലുള്ള സർക്കാർ വീണു. എംപി ഇദിത് സിൽമാൻ അപ്രതീക്ഷിതമായി രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടമാകുകയും സർക്കാർ വീഴുകയുമായിരുന്നു.

എംപി ഇദിത് രാജിവെച്ചതോടെ 60 സീറ്റുകളായി സർക്കാരിന്റെ അംഗബലം കുറഞ്ഞു. പ്രതിപക്ഷത്തിനും 60 സീറ്റുകൾ തന്നെയായതാണ് ബെന്നറ്റ് സർക്കാരിന് തിരിച്ചടിയായത്. ബെന്നറ്റ് സർക്കാരിന് വേണ്ടി അത്യധികം പ്രയത്‌നിച്ചുവെന്നും ഐക്യത്തിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിച്ചതെന്നും രാജിക്ക് പിന്നാലെ ഇദിത് സിൽമാൻ പറഞ്ഞു. നഫ്താലി ബെന്നറ്റ് നേതൃത്വം നൽകുന്ന സഖ്യസർക്കാരിന്റെ ചെയർ പേഴ്‌സണായിരുന്നു രാജിവെച്ച സിൽമാൻ.

ഇസ്രായേലിന്റെ ജൂത പാരമ്പര്യത്തെ തകർക്കാൻ തനിക്ക് കഴിയില്ലെന്നും രാജിവേളയിൽ സിൽമാൻ പ്രതികരിച്ചു. സമാനരീതിയിൽ ചിന്തിക്കുന്നവർ ഇനിയും ബെന്നറ്റ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാം. അവരോട് താൻ സംസാരിക്കുമെന്നും സഖ്യസർക്കാരിൽ നിന്ന് പിൻവാങ്ങാൻ താൽപര്യമുള്ളവർ ചേർന്ന് വലതുപക്ഷ ഭരണകൂടം രൂപീകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും സിൽമാൻ വ്യക്തമാക്കി.

ജൂതരുടെ ആഘോഷ വേളയിൽ സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്യുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. സർക്കാർ അനുവദിച്ച ഭക്ഷണം ജൂതമതസ്ഥരുടെ വിശ്വാസത്തിന് എതിരായതിനാൽ ഇക്കാര്യത്തിൽ ഇദിത് സിൽമാൻ പരസ്യമായി സർക്കാരിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് തന്റെ രാജി സിൽമാൻ പ്രഖ്യാപിച്ചത്.

അറുപത് അംഗങ്ങൾ മാത്രമാണെങ്കിൽ ബെന്നറ്റ് സർക്കാരിന് ഇസ്രായേലിൽ ഭരണം തുടരാൻ കഴിഞ്ഞേക്കാം. എന്നാൽ പുതിയ നിയമം പാസാക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും.

ഇസ്രായേലിൽ ആദ്യമായി നിലവിൽ വന്ന അറബ് പാർട്ടി ഉൾപ്പെടുന്ന സർക്കാരിന് കാലാവധി തികയ്‌ക്കാൻ കഴിയാതെ വന്നിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പക്ഷത്തേക്ക് സിൽമാന് ചേക്കേറുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് തവണയാണ് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടന്നത്. ഒടുവിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ തോൽപ്പിച്ചുകൊണ്ട് 2021 ജൂണിൽ ബെന്നറ്റിന്റെ നേതൃത്വത്തിൽ പുതിയ സഖ്യസർക്കാർ നിലവിൽ വന്നു. എട്ട് സഖ്യകക്ഷികളായിരുന്നു പുതിയ സർക്കാരിന്റെ ഭാഗമായത്.

Related Articles

Check Also
Close
Back to top button