KannurKeralaLatest

‘എന്റെ കേരളം’ മെഗാ എക്സിബിഷന്‍ സമാപിച്ചു

“Manju”

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള വ്യാഴാഴ്ച സമാപിച്ചു.
മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് കണ്ണൂര്‍ ഷെരീഫിന്റെ സംഗീതനിശയോടെ സമാപനമായി.
മേളയിലെ ഏറ്റവും മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ വിതരണം ചെയ്തു. മേളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ‘കണ്ണൂര്‍ ഗസറ്റ്’ പ്രത്യേക പതിപ്പ് ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന് നല്‍കി രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ രത്‌നകുമാരി, സംഘാടക സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍, മാനേജര്‍ പി വി രവീന്ദ്രന്‍, എല്‍എസ്ജിഡി ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍, ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എ വി അജയകുമാര്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുര്‍ജിത് എന്നിവര്‍ സംബന്ധിച്ചു.
ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേള വന്‍ ജനപങ്കാളിത്തത്തോടൊപ്പം മികച്ച വിറ്റുവരവും നേടിയാണ് സമാപിച്ചത്.
മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കേരള പൊലീസ് ഏറ്റുവാങ്ങി. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ രണ്ടും ജയില്‍ വകുപ്പ് മൂന്നും സ്ഥാനം നേടി. മികച്ച ഡിസൈന്‍: കിഫ്ബി. മികച്ച ആക്റ്റിവിറ്റി: പൊതുവിദ്യാഭ്യാസം. ജൂറി പ്രത്യേക പരാമര്‍ശം: ഐ ഐ എച്ച്‌ ടി, ആയുഷ് ഹോമിയോ, സിദ്ധ ചികിത്സ. സാങ്കേതികവിദ്യ വിഭാഗത്തില്‍ മികച്ച സ്റ്റാള്‍ ഗവ.ഐടിഐ കണ്ണൂര്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും മികച്ച വിപണന സ്റ്റാള്‍ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ചന്തയാണ്. ഫിഷറീസ് സ്റ്റാള്‍ രണ്ടും ഖാദി ബോര്‍ഡ് മൂന്നും സ്ഥാനം നേടി.
മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റേതാണ് ഏറ്റവും നല്ല ജനസൗഹൃദ സ്റ്റാള്‍.
മറ്റ് ഏജന്‍സികളില്‍ ഏറ്റവും മികച്ച വിപണന സ്റ്റാളായി ദിനേശ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീക്കാണ് രണ്ടാം സ്ഥാനം.
ഏറ്റവും കൂടുതല്‍ വിപണനം നടത്തിയ കൈത്തറി സ്റ്റാള്‍ കാഞ്ഞിരോട് കൈത്തറി സംഘത്തിന്റേതാണ്. ചിറക്കല്‍ കൈത്തറി സംഘം രണ്ടും ചൊവ്വ കൈത്തറി സംഘം മൂന്നും സ്ഥാനം നേടി. ഏറ്റവും കൂടുതല്‍ വിപണനം നടത്തിയ എംഎസ്‌എംഇ സ്റ്റാള്‍ പപ്പുവാന്‍.
ഫുഡ് കോര്‍ട്ടുകളില്‍ മികച്ച സ്റ്റാള്‍ കഫേ കുടുംബശ്രീയുടേതാണ്. ദിനേശ് ഫുഡ്‌സിനാണ് രണ്ടാം സ്ഥാനം.
ശുചിത്വം, വേയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലുള്ള മികവിന് കെ ടി ഡി സി – പുട്ടോപ്പിയ സ്റ്റാള്‍ പുരസ്‌കാരം നേടി.

Related Articles

Back to top button