LatestThiruvananthapuram

കുട്ടികള്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ ഇനി താലൂക്ക് ആശുപത്രികളിലും

“Manju”

തിരുവനന്തപുരം: ഹീമോഫീലിയ രോഗബാധിതരായ കുട്ടികള്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ ഇനി താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ പ്രൊഫൈല്‍ ആക്സിസ് ചികിത്സ നിലവില്‍ ഡേ കെയര്‍ സെന്ററുകളില്‍ മാത്രമാണ് നടന്നുവരുന്നത്. താലൂക്ക് ആശുപത്രികളില്‍ കൂടി ചികിത്സ വ്യാപിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ലോക ഹീമോഫീലിയ ദിനാചരണം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രൊഫൈലാക്സിസും മുതിര്‍ന്നവര്‍ക്ക് രക്തസ്രാവമുണ്ടാകുന്ന മുറയ്ക്ക് ആവശ്യകതയനുസരിച്ച്‌ രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോള്‍ പ്രകാരം ചികിത്സയും സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കും. ഹീമോഫീലിയ രോഗികളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഓരോ രോഗിയുടെ അവസ്ഥ സംബന്ധിച്ച്‌ റീപ്ലേയ്സ്മെന്റ് തെറാപ്പിയുമായി ബന്ധപ്പെട്ട് ഒരു ട്രീറ്റ്മെന്റ് റെക്കോഡും പ്രാവര്‍ത്തികമാക്കി. ഹീമോഫീലിയ മരുന്നുകള്‍ 30 കാരുണ്യ ഫാര്‍മസി സ്റ്റോറുകളില്‍ നിന്നു മാത്രമാണ് ലഭ്യമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ 69 ആശുപത്രികളില്‍ മരുന്നു ലഭ്യമാക്കിയിട്ടുണ്ട്.

രക്തസ്രാവം ഉണ്ടാവുകയോ സംശയിക്കപ്പെടുന്നയോ ചെയ്യുന്ന രോഗി തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളില്‍ എത്തിച്ചേരുന്ന മുറയ്ക്ക് അത്യാഹിതവിഭാഗത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആദ്യ ഡോസ് മരുന്ന് നല്‍കിയതിനുശേഷം ആവശ്യമെങ്കില്‍ ഹീമോഫീലിയ ട്രീറ്റ്മെന്‍റ് സെന്ററുകളിലേയ്ക്കോ മെഡിക്കല്‍ കോളേജുകളിലേയ്ക്കോ വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യുന്നതാണ്. കൂടാതെ ഒന്നോ രണ്ടോ ഡോസ് മരുന്നു കൂടി രോഗിക്ക് കൊടുത്തുവിടുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഉള്ള പ്രോട്ടോകോള്‍ അനുസരിച്ച്‌ സാധ്യമായതെല്ലാം ചെയ്യും. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ ഇടവേളകളില്‍ കണ്‍സള്‍ട്ടേഷന്‍ ഉണ്ടാകേണ്ടതാണ്. രോഗികളെ സംബന്ധിച്ചിടത്തോളം അനുഭാവപൂര്‍ണമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് രോഗികളുടെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും സൗകര്യാര്‍ത്ഥം തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഹീമോഫീലിയ ബാധിതരായ മെഡിക്കല്‍ പഠനം പൂര്‍ത്തിയായവര്‍ക്കും പഠനം തുടരുന്നുവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി മെമന്റോ നല്‍കി.

മെഡിക്കല്‍ കോളേജ് അലുമ്നി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എച്ച്‌ എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഡി എം ഇ ഡോ എ റംലാ ബീവി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, ജോയിന്റ് ഡി എം ഇ ഡോ തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു, ഡി പി എം ഡോ ആശാ വിജയന്‍ , ഡോ വി കെ ദേവകുമാര്‍ . ഡോ എസ് ശ്രീനാഥ് , എന്‍ എച്ച്‌ എം ബ്ലഡ് സെല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ ശ്രീഹരി. ജിമ്മി മാനുവല്‍ (റീജണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സൗത്ത് ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നിവര്‍ സംസാരിച്ചു. ഡി എച്ച്‌ എസ് ഡോ വി ആര്‍ രാജു സ്വാഗതവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button