InternationalLatest

ദേവസഹായം പിള‌ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

“Manju”

വത്തിക്കാന്‍: വാഴ്‌ത്തപ്പെട്ട ദേവസഹായം പിള‌ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയോടെ വത്തിക്കാനിലെ സെന്റ് പീ‌റ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയില്‍ നിന്നുള‌ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള‌ള. ഇന്ത്യന്‍ സഭയുടെ വൈദികനല്ലാത്ത ആദ്യ വിശുദ്ധനും ദേവസഹായം പിള‌ളയാണ്. 1712 ഏപ്രില്‍ 23ന് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിന് സമീപം നട്ടാലത്താണ് ദേവസഹായം പിള‌ള ജനിച്ചത്. നീലകണ്‌ഠ പിള‌ള എന്നായിരുന്നു അന്ന് പേര്. തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കുളച്ചല്‍ യുദ്ധത്തിന് ശേഷം തിരുവിതാംകൂര്‍ പടത്തലവനായ ഡിലനോയിയുടെ കീഴില്‍ ഉദ്യോഗസ്ഥനായി നിയമിച്ചു. ഇവിടെവച്ച്‌ ക്രിസ്‌തുമതത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം 1745 മേയ് 17ന് ഈശോസഭ വൈദികനായ ബുട്ടാരിയില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു.

മതംമാറ്റത്തിന്റെ പേരില്‍ കാരാഗൃഹവാസം അനുഷ്‌ഠിക്കേണ്ടി വന്ന ദേവസഹായം പിള‌ളയെ രാജകല്‍പനയനുസരിച്ച്‌ 1752 ജനുവരി നാലിന് ആരുവാമൊഴി കാറ്റാടി മലയില്‍ വച്ച്‌ വെടിവച്ച്‌ കൊലപ്പെടുത്തി. 2012ല്‍ ദേവസഹായം പിള‌ള വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ന്നു. ഇന്ന് ദേവസഹായം പിള‌ളയടക്കം പത്തുപേരെയാണ് വിശുദ്ധ പദവിയിലെത്തിയതായി പ്രഖ്യാപിച്ചത്.

Related Articles

Back to top button