IndiaLatest

ട്രായ് രജതജൂബിലി ആഘോഷ പരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ട്രായിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സ്മരണികാ തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ദേവുസിന്‍ഹ് ചൗഹാന്‍, എല്‍ മുരുകന്‍, ടെലികോംപ്രക്ഷേപണ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഇന്ന് താന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന സ്വയം നിര്‍മിത 5ജി ടെസ്റ്റ്ബെഡ് ടെലികോം മേഖലയിലെ സങ്കീര്‍ണ്ണവും ആധുനികവുമായ സാങ്കേതിക വിദ്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികള്‍ ഉള്‍പ്പെടെ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാജ്യത്തിന്റെ സ്വന്തം 5ജി സ്റ്റാന്‍ഡേര്‍ഡ് 5ജിഐയുടെ മാതൃകയിലാണ് നിര്‍മിച്ചത്. ഇത് രാജ്യത്തിന് വളരെയധികം അഭിമാനം നല്‍കുന്നു. രാജ്യത്തെ ഗ്രാമങ്ങളിലേക്ക് 5ജി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കും” പ്രധാനമന്ത്രി പറഞ്ഞു.

സമ്പര്‍ക്ക സാധ്യതകളാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. അതിനാല്‍ ഓരോ ഘട്ടത്തിലും സമ്പര്‍ക്കസംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണത്തിലും സുഗമമായ ജീവിതത്തിലും നിക്ഷേപ സൗഹൃദമാക്കുന്നതിലും 5ജി സാങ്കേതികവിദ്യ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതായി അദ്ദേഹം പറഞ്ഞു. ഇത് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിതരണസംവിധാനം തുടങ്ങിയ മേഖലകളില്‍ വികസനം കൊണ്ടുവരും. ഇത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 5ജി വേഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിന്റെയും വ്യവസായ മേഖലയുടേയും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button