KannurKeralaLatestMalappuramThiruvananthapuramThrissur

കൊറോണ – ഈ അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കല്‍ അസാധ്യമായേക്കാം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോവിഡിന്റെ ഭീഷണി പൂര്‍ണ്ണമായും മാറിയില്ലെങ്കില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് അസാധ്യമാകും. വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ കോവിഡ് ഭീതി അകലുകയുള്ളൂവെന്നാണ് പൊതു വിലയിരുത്തല്‍. ഇങ്ങനെ പോയാല്‍ ഈ അക്കാഡമിക് വര്‍ഷം പൂര്‍ണ്ണമായും ഇല്ലാതാകാനാണ് സാധ്യത. ഇനിയും രണ്ടോ മൂന്നോ മാസം കോവിഡ് രോഗ ബാധ ഇതേ രീതിയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. സമൂഹ വ്യാപനം എല്ലാ മേഖലയിലും നടന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക അസാധ്യവുമാണ്.

ഇത് സംസ്ഥാന സര്‍ക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതിനിടെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ ഒക്ടോബറിലോ നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാം എന്നതായിരിക്കും റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. എല്ലാ വഴികളിലൂടേയും പ്രശ്‌ന പരിഹാരമാണ് ലക്ഷ്യം. പത്താം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷകള്‍ അനിവാര്യതയാണ്. അല്ലാത്ത പക്ഷം ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും. ബാക്കി കുട്ടികളെ ഓണ്‍ലൈന്‍ പരീക്ഷകളും മറ്റും നടത്തി പ്രമോട്ട് ചെയ്യാം.

മാര്‍ച്ചിനു പകരം മെയ്‌ വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം ഉണ്ടായത്. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആ സാധ്യത കുറഞ്ഞു. കേരളത്തില്‍ എങ്ങും രോഗം പടര്‍ന്ന് പിടിക്കുകയാണ്. കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലും ഓഗസ്റ്റ് മാസം സ്‌കൂള്‍ തുറക്കില്ല.

ഡിജിറ്റല്‍ അധ്യയനപരിപാടി ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ഓണപ്പരീക്ഷ നടത്തില്ല. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. സിലബസ് ചുരുക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകളും നടക്കും. പല സംസ്ഥാനങ്ങളിലും ഇത് വിവാദമായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാകും കേരളം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. എങ്ങനെ ഈ അധ്യായന വര്‍ഷം പത്താം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷ നടത്തുമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.

അതിനിടെ കേരളത്തിലെ ഡിജിറ്റല്‍ അധ്യയനത്തെക്കുറിച്ച്‌ യുനിസെഫ് പഠനം നടത്തുന്നുണ്ട്. ഡിജിറ്റല്‍ അധ്യയനം ഫലപ്രദമാക്കാനും എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസുകള്‍ ലഭ്യമാക്കാനും സ്വീകരിച്ച നടപടികള്‍, അദ്ധ്യാപകരുടെ പങ്കാളിത്തം, രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതികരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രത്യേകപരിശീലനപരിപാടി എന്നിവ വിലയിരുത്തും. ഇതും തീരുമാനങ്ങളെ സ്വാധീനിക്കും.

Related Articles

Back to top button