InternationalLatest

ഹിന്ദിയില്‍ ഓട്ടോഗ്രാഫ് ചോദിച്ച്‌ ജാപ്പനീസ് കുട്ടി, പ്രശംസിച്ച്‌ പ്രധാനമന്ത്രി

“Manju”

ടോക്കിയോ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ടോക്കിയോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയവരില്‍ കുട്ടികളും. ഇന്ന് രാവിലെ തന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു. രാജ്യത്തെത്തിയ പ്രധാനമന്ത്രിയോട് ഹിന്ദിയില്‍ ഓട്ടോഗ്രാഫ് ചോദിച്ച കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റിത്സുകി കൊബയാഷി എന്ന എട്ട് വയസുകാരനാണ് വീഡിയോയിലെ താരം.

‘ജപ്പാനിലേക്ക് സ്വാഗതം! ദയവായി നിങ്ങളുടെ ഓട്ടോഗ്രാഫ് എനിക്ക് നല്‍കാമോ?’, എന്ന് കൊബായാഷി പ്രധാനമന്ത്രി മോദിയോട് ഹിന്ദിയില്‍ ചോദിച്ചു. ജാപ്പനീസ് കുട്ടിയുടെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെകുറിച്ച്‌ ചോദിച്ച അദ്ദേഹം, കുട്ടിയെ അഭിനന്ദിച്ച്‌ ഓട്ടോഗ്രാഫ് നല്‍കി അനുഗ്രഹിച്ചു. ജപ്പാന്‍ പൗരത്വമുള്ള കുട്ടിയില്‍ നിന്നും ഹിന്ദി കേട്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

‘വാ.. നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്? നിങ്ങള്‍ക്കിത് നന്നായി അറിയാമോ?’ എന്നായിരുന്നു അദ്ദേഹം വാത്സല്യത്തോടെ ആ കുട്ടിയോട് ചോദിച്ചത്. പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് ലഭിച്ച ശേഷം, താന്‍ വളരെ സന്തോഷവാനാണെന്നും പ്രധാനമന്ത്രി തന്റെ സന്ദേശം വായിച്ച്‌ ഓട്ടോഗ്രാഫ് തന്നെന്നും കൊബയാഷി പ്രതികരിച്ചു. പ്രധാനമന്ത്രിയുടേയും കുരുന്നിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

മനോഹരമായ പ്രധാനമന്ത്രിയുടെ ചിത്രവുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. കുട്ടികളില്‍ നിന്ന് ചിത്രം വാങ്ങി പരിശോധിച്ച അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കി കുട്ടികളെ അഭിനന്ദിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരം മെയ് 24 ന് രണ്ട് ദിവസത്തെ ടോക്കിയോ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

Related Articles

Back to top button