IndiaLatest

അസമിലെ പ്രളയം; മരണസംഖ്യ മുപ്പതായി, 5.61 ലക്ഷം പേര്‍ പ്രളയക്കെടുതിയില്‍

“Manju”

ഗുവാഹത്തി: അസമിലുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മുപ്പതായി. ഇന്നലെ ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.
ഏഴ് ജില്ലകളിലായി 5.61 ലക്ഷം പേര്‍ പ്രളയക്കെടുതി അനുഭവിക്കുന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കാംപൂര്‍, നാഗോന്‍ ജില്ലയിലെ രഹ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് അസമിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കച്ചാര്‍, ദിമ, ഹസാവോ, ഹൈലകണ്‍ഡി, ഹോജായ്, കര്‍ബി, ആംഗ്ലോങ് വെസ്റ്റ്, മോറിഗാവ്, നാഗോണ്‍ എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചത്. നാഗോണ്‍ ജില്ലയെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. 3.68 ലക്ഷം മനുഷ്യരാണ് പ്രളയം മൂലം ദുരിതത്തിലായത്. കച്ചാറില്‍ 1.5 ലക്ഷം പേരും മോറിഗാവില്‍ 41,000 പേരും പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്.
പ്രളയത്തിലുണ്ടായ നഷ്ടം വിലയിരുത്തുന്നതിന് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആദ്യ സംഘം ദിമ, ഹസാവോ ജില്ലകളിലും രണ്ടാമത്തെ സംഘം നാഗോന്‍, ഹോജായ് എന്നിവിടങ്ങളുമാണ് സന്ദര്‍ശിക്കുക.
956 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 47,139.12 ഹെക്ടര്‍ കൃഷി നാശമുണ്ടായതായി അസം ദുരിത നിവാരണ അതോറിറ്റി അറിയിച്ചു. ആറ് ജില്ലകളിലായി 365 ക്യാമ്ബുകളാണുള്ളത്. 13,988 കുട്ടികളുള്‍പ്പെടെ 66,836 പേരാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, നല്‍ബാരി, ശിവസാഗര്‍, സൗത്ത് സല്‍മാര, ടിന്‍സുകിയ, ഉദല്‍ഗുരി ജില്ലകളില്‍ വന്‍തോതിലുള്ള മണ്ണൊലിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കച്ചാര്‍, ഉദല്‍ഗുരി, ധുബ്രി, കരിംഗഞ്ച്, നാഗോണ്‍, നാല്‍ബാരി, ദിമ ഹസാവോ, ഗോള്‍പാറ, ഹോജായ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായും ഒമ്പത് ജില്ലകളിലായി ആകെ 1,88,698 വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും കാണാതായും എഎസ്ഡിഎംഎ അറിയിച്ചു.

Related Articles

Back to top button