‘ചായകുടി നിര്‍ത്തൂ’ ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം
ഇസ്ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന് ഭരണകൂടം. പാക് ആസൂത്രണ മന്ത്രി അഹ്സന് ഇഖ്ബാലാണ് പ്രതിസന്ധി തരണം ചെയ്യാന്‍ വ്യത്യസ്തമായ നിര്‍ദേശം മുന്നോട്ടുവച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചായക്കുടി കുറച്ച് ചെലവ് നിയന്ത്രിക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവച്ചത്. ചായക്കുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്നും നിലവില്‍ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നും അഹ്സന് ഇഖ്ബാല്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
പാകിസ്ഥാന്റെ വിദേശനാണയശേഖരം കാലിയായിക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യമുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ എണ്ണവിലയിലടക്കം വന്‍ വര്‍ദ്ധന വരുത്തിയ പാക് സര്‍ക്കാര്‍ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. പാകിസ്ഥാന് സര്‍ക്കാരിന് മുന്നില്‍ പണപ്പെരുപ്പവും, ഊര്‍ജ്ജ ക്ഷാമവും വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.
ഊര്‍ജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനാളായി വൈദ്യുതി മുടക്കം രാജ്യത്ത് പതിവാണ്. ഇപ്പോള്‍ ഇത് 12 മണിക്കൂര്‍ വരെ നീട്ടിയത് തൊഴിലാളികളെയടക്കം വലിയൊരു വിഭാഗത്തെ ബാധിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും 12 മണിക്കൂര്‍ വരെ പവര്‍ക്കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തു.