IndiaLatest

യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

“Manju”

ന്യൂഡെല്‍ഹി: പ്രതിപക്ഷ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി രാജ, അഭിഷേക് ബാനര്‍ജി, ഫറൂഖ് അബ്‌ദുള്ള, ജയന്ത് സിന്‍ഹ, കെടി രാമറാവു തുടങ്ങിയ നേതാക്കള്‍ യശ്വന്ത് സിന്‍ഹക്കൊപ്പം പാര്‍ലമെന്റ് ഹൗസിലെത്തി.

അതേസമയം കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുള്ള ജാര്‍ഖണ്ഡ് മുക്‌തി മോര്‍ച്ച (ജെഎംഎം) പത്രികാ സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പന്ത്രണ്ടേ കാലോടെയാണ് യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്, ടിഎംസി, സമാജ്‍വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികള്‍ എന്നിവരടക്കം 12 കക്ഷികളാണ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 28ആം തീയതി മുതല്‍ സിന്‍ഹ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌. മിക്ക സംസ്‌ഥാന തലസ്‌ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമെന്നും, ദക്ഷിണേന്ത്യയിലാകും ആദ്യ പ്രചാരണ പരിപാടികളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button