KeralaLatest

പൊതുരംഗത്തെ സ്ത്രീകള്‍ക്കു നേരെ സൈബറാക്രമണം; പ്രതിഷേധം ഉയരണമെന്ന് കെ.കെ.രമ

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിന്റെ അക്രമ മനോഭാവങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് ആക്ഷേപം. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ആര്‍എംപിഐ നേതാവ് കെ.കെ.രമ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലത്തൂര്‍ എം.പി.രമ്യ ഹരിദാസിന്റെ ടെലിവിഷന്‍ ചര്‍ച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്തു വന്നതു മുതല്‍ സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും വലിയ പരിഹാസത്തിനാണവര്‍ പാത്രമായത്. സാധാരണ പ്രവര്‍ത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കണ്‍വീനര്‍ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിന്റെ കോട്ട എന്ന നിലയില്‍ നിന്ന് ആലത്തൂരില്‍ അവര്‍ നേടിയ വിജയം സിപിഎമ്മുകാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിന്റെ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം.

ഇന്നലെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയാണ് വ്യാപകമായ സൈബര്‍ ആക്രമണത്തിന് വിധേയായത്. കശുവണ്ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെ ദുഃസൂചനകള്‍ വച്ച് അധിക്ഷേപിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ സമര- സംഘടനാ പ്രവര്‍ത്തന പാരമ്പര്യമുള്ള പൊതു പ്രവര്‍ത്തകയാണവര്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കേണ്ടത് വ്യക്ത്യധിക്ഷേപം നടത്തിയിട്ടല്ല.
‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന പരാമര്‍ശം പരിഹാസമായി കരുതുന്നവര്‍ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വര്‍ഗ വിരുദ്ധതയുടെ ജീര്‍ണ്ണ മനോഭാവം കൂടി പേറുന്നവരാണ്.

എക്കാലത്തും ഉറച്ച സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച പൊതുപ്രവര്‍ത്തകയാണ് ശ്രീജ നെയ്യാറ്റിന്‍കര.
സംഘി പ്രൊഫൈലുകളില്‍ നിന്നുള്ള സംഘടിതാക്രമണത്തിന് അവര്‍ പലപ്പോഴും വിധേയയായിട്ടുണ്ട്.
രാഷ്ട്രീയമായി വ്യത്യസ്ത ചേരികളില്‍ നില്‍ക്കുമ്പോഴും ജീവിതാനുഭവങ്ങളുടെ കനല്‍വഴികള്‍ താണ്ടിയാണ് പൊതുരംഗത്തെ ഓരോ സ്ത്രീകളും നില്‍ക്കുന്നതെന്നു കെ.കെ.രമ ഓര്‍മിപ്പിച്ചു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് അവരെ തളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. എന്നാല്‍ അവര്‍ നേരിടുന്ന അപവാദ ആക്രമണങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗം എത്രമേല്‍ പുരുഷാധിപത്യത്തിന്റെയും ദളിത് വിരുദ്ധ ജാതിബോധത്തിന്റെയും തൊഴിലാളി വിരുദ്ധ ഉപരി വര്‍ഗ താല്പര്യത്തിന്റെയും മണ്ഡലമാണെന്ന് ഒരിക്കല്‍ കൂടി വെളിവാക്കുന്നു. സൈബറാക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും നിരന്തരം പൊരുതിത്തോല്‍പ്പിച്ച് പൊതുരംഗത്തുറച്ചു നില്‍ക്കുന്ന സ്ത്രീകളോടൊപ്പം നില്‍ക്കാന്‍ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ബാധ്യതയുണ്ടെന്നു രമ പറഞ്ഞു.

Related Articles

Back to top button