IndiaLatest

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

“Manju”

ന്യൂഡല്‍ഹി• കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിർവഹിക്കും. നോയിഡ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ നിർമിച്ചിരിക്കുന്നത്.

വിഡിയോ കോൺഫറൻസിങ് വഴിയാകും ഉദ്ഘാടനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബുകളുടെ സജ്ജീകരണം. ഈ ലാബുകളിൽ ദിനംപ്രതി 10,000 സാംപിളുകൾ പരിശോധിക്കാനാകും. കൂടുതൽ സാംപിളുകൾ പരിശോധിക്കുന്നതിനൊപ്പം രോഗനിർണയത്തിനും ചികിത്സയ്ക്കും ഈ അത്യാധുനിക ലാബുകൾ മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.

അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,28,229 ആയി. 24 മണിക്കൂറിനകം 750 പേർ മരിച്ചു. ആകെ മരണം 32,723. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ഇതാദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 36,145 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

കോവിഡിനെ നേരിടുന്നതിൽ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ‘ മൻ കി ബാത്ത്’ റേഡിയോ പ്രഭാഷണ പരിപാടിയിലാണ് മാസ്ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.കോവിഡ് ഭീഷണി ഭീതിദമായി തുടരുകയാണ്. മാസ്ക് ധരിക്കുന്നതു പലർക്കും അസ്വസ്ഥതകളുണ്ടാകുന്നുണ്ട്.

അത്തരം അവസരങ്ങളിൽ നമ്മൾ ഓർക്കേണ്ടത് കോവിഡിനെതിരെ നിരന്തരം പോരാടുന്ന ആരോഗ്യ പ്രവർത്തകരെയാണ്. ഇന്ത്യയിൽ രോഗമുക്തി മറ്റു രാജ്യങ്ങളെക്കാൾ കൂടുതലാണ്. പക്ഷേ വൈറസ് അതിവേഗം പടരുകയാണ്. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. കോവിഡിനെ പ്രതിരോധിക്കുന്നതിലും സ്വാശ്രയത്വം കൈവരിക്കുന്നതിലും നമ്മുടെ ഗ്രാമങ്ങൾ മികച്ച മാതൃകയാണു കാണിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button