Uncategorized

വൈദ്യുതി ബോര്‍ഡ് ഗുരുതര പ്രതിസന്ധി നേരിടുമെന്ന് സൂചന

“Manju”

തിരുവനന്തപുരം∙ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു പെന്‍ഷന്‍ മുടങ്ങുമെന്ന സ്ഥിതിയിലായ വൈദ്യുതി ബോര്‍ഡ് മൂന്നു വര്‍ഷത്തിനകം ഗുരുതര പ്രതിസന്ധി നേരിടുമെന്ന് സൂചന. വൈദ്യുതി ബോര്‍ഡിനു മുന്നില്‍ വന്ന ധനകാര്യ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതു സാമ്പത്തിക തകര്‍ച്ച ഉണ്ടാകു‍മെന്നാണ്.

2013ലെ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷമായി പ്രതിവര്‍ഷം 1200 കോടിയിലേറെ രൂപ ഇലക്‌ട്രിസിറ്റി ഡ്യൂട്ടിയായി ലഭിച്ചിട്ടും കമ്പനി 1500 കോടി രൂപയുടെ നഷ്ടത്തിലാണെന്നു കണക്കുകള്‍ പറയുന്നു. 14,600 കോടി രൂപ സഞ്ചിത നഷ്ടവും 11,000 കോടിയോളം കടബാധ്യതയും ഇതിനു പുറ‍മേയുണ്ട്. ഈ സാമ്പത്തിക ബാധ്യത‍യെല്ലാം ഉപയോക്താവു വഹിക്കേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

ബോര്‍ഡിനെ ലാഭകരമാക്കാന്‍ 2015ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) സംഘം മുന്നോട്ടുവച്ച പുനഃസംഘടനാ നിര്‍‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിനെ തന്നെ ഇരുള്‍ മൂടുമെന്നതാ‍ണ് അവസ്ഥ. പ്രതിമാസം 1300 കോടി രൂപ വിറ്റുവരവുണ്ടായിട്ടും ശമ്പളപെന്‍ഷന്‍ ബാധ്യതകള്‍ തീര്‍ത്താല്‍ പിന്നെ മിച്ചമില്ല. 33,000 ജീവനക്കാരെയും 30,000 പെന്‍ഷന്‍കാരെയും ബാധിക്കുന്ന ഷോ‍ക്ക്ആയി ഇതു മാറാം. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഗൗരവ നീക്കങ്ങളി‍ല്ലെന്നതില്‍ ബോര്‍ഡ് ആശങ്കയിലാണ്. വരും വര്‍ഷങ്ങളില്‍ പിരിഞ്ഞു പോകുന്നവര്‍ക്കു പകരമുള്ള നിയമനത്തിലും പ്രമോ‍ഷനിലും കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നു നിര്‍‍ദേശമുണ്ടെങ്കിലും ഇതു നടപ്പാക്കുന്നതിനെതിരെ യൂണിയനുകളുടെ ശക്തമായ സമ്മര്‍‍ദവും ഉണ്ട്.

2020-’21 മുതല്‍ 2021-’23 വരെയുള്ള ബജ‍റ്റുകളിലെ കണക്കുകള്‍ പ്രകാരം നിലവില്‍ 4071.1 കോടി രൂപ ശമ്പള ഇനത്തിലും 610 കോടി രൂപ പെന്‍ഷന്‍ ട്രസ്റ്റിലെ നിക്ഷേപ പലി‍ശ ഇനത്തിലും ചെലവാകും. പ്രതിവര്‍ഷ വൈദ്യുതി വിറ്റുവരവ് 15,600 കോടി രൂപ. റവന്യു ചെലവ് 4700 കോടിയും. വരവിന്റെ 65% പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകും. ഒരു യൂണിറ്റ് വൈദ്യുതി വില്‍ക്കുമ്പോള്‍ വിലയുടെ രണ്ടു രൂപയോളം ജീവനക്കാരുടെ ശമ്പളത്തി‍നായി ചെല‍വാക്കുന്നു. (25%). ഇതര സംസ്ഥാന വൈദ്യുതി സ്ഥാപനങ്ങളില്‍ ഇതു വരുമാ‍നത്തിന്റെ 15 % മാത്രമാണ്. അതായത് കെഎസ്‌ഇബി മറ്റു കമ്പനികളെ അപേക്ഷിച്ച്‌ 10% വരെ കൂടുതല്‍ ശമ്പളത്തിനായി ചെലവാ‍ക്കുന്നു. ഈ വിടവു നികത്താന്‍ ഓരോ വര്‍ഷവും കടം വാങ്ങുകയാണ്.

25% വൈദ്യുതി വിറ്റുവരവ് കുറഞ്ഞു നിന്ന 2020-’21 ലാണ് ഒടുവില്‍ കെഎസ്‌ഇബിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഭേ‍ദഗതി ചെയ്യരുതെന്നു നിയമം ഉണ്ടായിരിക്കെ, ഫെബ്രുവരിയില്‍ തിരക്കിട്ടു തൊഴിലാളികളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുകയായിരുന്നു. ദീര്‍ഘകാല കരാര്‍ ആവശ്യമില്ലാത്ത കമ്പനി ഓഫിസര്‍മാരുടെ ശമ്പള‍മാകട്ടെ തുല്യ റാങ്കിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിയ 12.30% വര്‍ധനയിലും ഒതുക്കി‍യില്ല. പകരം 17.4% വര്‍ധിപ്പിച്ചു. 2018 ഏപ്രില്‍ മുതലുള്ള കുടിശിക ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പു കൊടുത്തു തീര്‍ക്കുകയും ‍ചെയ്തു. ഇതിന്റെ നേട്ടം മുഴുവന്‍ ട്രേഡ് യൂണിയനുക‍ള്‍ക്കായിരുന്നു. എല്ലാ ജീവനക്കാരും ഓഫിസര്‍മാരും 2 മാസത്തെ കുടിശികയായി കിട്ടിയ തുക മുഴുവന്‍ ധാരണ അനുസരിച്ചു യൂണിയനുകള്‍ക്കും അസോസിയേഷനും സംഭാവന നല്‍കി.

Related Articles

Back to top button