LatestThiruvananthapuram

രാമായണ മാസാചരണം കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം : രാമായണമാസാചരണത്തോടനുബന്ധിച്ചു ജടായുരാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് ജൂലൈ 17 ന് തുടക്കം. വെള്ളയമ്പലം ബാലഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച കുസുമകുമാരിക്ക് വീര ജടായു പുരസ്‌കാരം തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സമ്മാനിക്കും. സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ അവധി കിട്ടുന്നതിനും മുലയൂട്ടാനുള്ള സൗകര്യം ലഭിക്കുന്നതിനും വേണ്ടി നിയമയുദ്ധം നടത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തതിലൂടെ പ്രശസ്തയാണ് കുസുമകുമാരി.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ജടായുവിന്റെ ധീര സാഹസിക പോരാട്ടത്തെ സ്മരിച്ചുകൊണ്ട് വൈകുന്നേരം 4:30 ന് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ശീര്‍ഷകഗാനം തിരുവാതിരക്കളി , ഭരതനാട്യം , കുത്തിയോട്ടം തുടങ്ങിയ കലാപരിപാടികളിലൂടെ അവതരിപ്പിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ സിവി ആനന്ദ ബോസ് അധ്യക്ഷം വഹിക്കും. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ , ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി , ആര്‍ക്കിടെക്‌ട് ബി ആര്‍ അജിത് , മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാമപാദ ഗാനത്തെ കുത്തിയോട്ടത്തിന്റെ കുമ്മിയായി അവതരിപ്പിക്കുന്ന ചെട്ടികുളങ്ങര വിജയരാഘവ കുറുപ്പ് , അന്‍പതിലേറെ വര്‍ഷക്കാലമായി രാമായണ പാരായണവും പ്രചരണവും നടത്തുന്ന വട്ടപ്പാറ സോമശേഖരന്‍ നായര്‍, രാമപാദ ഗാനം ആലപിച്ച ഗായകന്‍ മണക്കാട് ഗോപന്‍ തുടങ്ങിയവരെ ആദരിക്കും.

 

Related Articles

Back to top button