KeralaLatest

വെഞ്ഞാറമൂട്:കാലവർഷത്തിൽ ചോർന്നൊലിക്കുന്ന മൺവീട് എപ്പോൾ വേണമെങ്കിലും നിലംപൊത്താം

“Manju”

കൃഷ്ണകുമാർ സി

 

മഴയൊന്നു മാനത്തു കണ്ടാൽ ഉള്ളിൽ ആധിയാണ്. മണ്ണ് കൊണ്ടുള്ള ചുവരുകൾ മഴ വെള്ളം ഇറങ്ങി അലിഞ്ഞിരിക്കുന്നു. തകരം ഷീറ്റ് മേഞ്ഞ മേൽക്കൂര ഭൂരിഭാഗവും പൊളിഞ്ഞു അതിനു മുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റും തകർന്നു മഴവെള്ളം വീടിനുള്ളിൽ പൂർണ്ണമായും ഒഴുകുന്ന ദുരവസ്ഥ. പറക്കമുറ്റാത്ത രണ്ടു മക്കളും സുഖമില്ലാത്ത മാതാവും യുവതിയും ജീവൻ പണയം വെച്ച് കഴിയുന്നത് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന മൺക്കൂരക്കുള്ളിൽ.പ്രാഥമിക കൃത്യം നിർവഹിക്കാൻ കക്കൂസ് പോലുമില്ല. ഇത് നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ കീഴായിക്കോണം വാർഡിൽ പ്ലാപ്പെട്ടി തടത്തരികത്തു പുത്തൻ വീട്ടിൽ പ്രിയ എന്ന മുപ്പതു വയസുകാരിയുടെ ദുരിത ജീവിതം. പ്രിയയുടെ തണലിൽ ഈ വീട്ടിൽ കഴിയുന്നത് ഇവരുടെ രണ്ടു മക്കളും, സുഖമില്ലാത്ത മാതാവ് ശിവ ശങ്കരിയും. ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ മുപ്പതു സെന്റ് വസ്തുവാണ് പ്രിയക്കുള്ളത്. വെഞ്ഞാറമൂട്ടിലെ ഒരു തുണിക്ക ടയിൽ ജോലിക്ക് പോയി കിട്ടുന്ന തുകയാണ് ഏക വരുമാന മാർഗ്ഗം. ഭയം കൂടാതെ കഴിയാൻ വീടെന്ന ആഗ്രഹവുമായി നെല്ലനാട് പഞ്ചായത്തു അധികാരികളെ കഴിഞ്ഞ രണ്ടര വർഷമായി പ്രിയ സമീപിക്കാൻ തുടങ്ങിയിട്ട്. പഞ്ചായത്തിൽ നിന്നും വീട് വെക്കാനുള്ള പദ്ധതിയിൽ ഉൾ പ്പെടുത്തണമെന്നു ആവശ്യപ്പെട്ടുള്ള അപേക്ഷകൾ മുപ്പതു സെന്റ് വസ്തു ഉണ്ടെന്നുള്ള കാരണം പറഞ്ഞു അധികാരികൾ തള്ളി. 25 സെന്റ് വസ്തു വരെ ഉള്ളവർക്ക് മാത്രമേ പദ്ധതിയിൽ വീട് നൽകു എന്നതാണ് നിയമം. എന്നാൽ മുപ്പതു സെന്റ് വസ്തുവിൽ അഞ്ചു സെന്റ് വസ്തു പഞ്ചായത്തിന് വിട്ടു നൽകാമെന്ന് പ്രിയ പറയുന്നു. കാരണം ചെങ്കുത്തായ പാറ നിറഞ്ഞ ഈ വസ്തുവിൽ അഞ്ചു സെന്റ് വസ്തു പോലും ഉപയോഗിക്കാൻ കഴിയുന്നതല്ല. ഇതിനിടയിൽ കഴിഞ്ഞ വർഷം അവസാന മാസം നടന്ന വാർഡ്‌ സഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ഒരുമിച്ചു പ്രിയക്ക് വീട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരം തുടർന്നു ചേർന്ന നെല്ലനാട് പഞ്ചായത്തു കമ്മിറ്റിയും വാർഡ്‌ സഭയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാൽ ചില വ്യക്തികളുടെ കൈകടത്തൽ കാരണം ഈ തീരുമാനം വാക്കുകളിൽ ഒതുങ്ങി. നാളിതുവരെ യായി പഞ്ചായത്തിന്റെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലാത്ത യുവതിക്കും കുടുമ്പത്തിനും പഞ്ചായത്തിൽ നിന്നും വീട് അനുവദിക്കേണ്ടതാണെന്നു വാർഡ് മെമ്പർ ഗീത പറഞ്ഞു. ചിലരുടെ വാശിയാണത്രെ ഇതിനു തടസ്സം നിൽക്കുന്നത്. കാല വർഷം ശക്തമായതോടെ പകൽ സമയങ്ങളിൽ മഴ പെയ്താൽ പിഞ്ചു കുട്ടികൾ അടുത്ത വീടുകളിലാണ് അഭയം തേടുന്നത്. കഴിഞ്ഞ കാല വർഷത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. അനർഹർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന പഞ്ചായത്തു അധികാരികൾ കാണാതെ പോകരുത് ഈ നാലു ജീവനുകൾ

Related Articles

Back to top button