India

‘ആരോപണങ്ങൾ ഗുരുതരം‘: സഞ്ജീവ് ഭട്ടിന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

“Manju”

ന്യൂഡൽഹി: മയക്കുമരുന്ന് ഗൂഡാലോചന കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗുരുതരമാണ്. തെളിയിക്കപ്പെട്ടാൽ അങ്ങേയറ്റം അപകടകരമായേക്കാവുന്ന കാര്യങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളതെന്നും, അതിനാൽ ഹർജി പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും വിക്രം നാഥും ഉൾപ്പെടുന്ന ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ, സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി അഭിഭാഷകൻ അറിയിച്ചു. ഭട്ടിന് ജാമ്യം നിഷേധിച്ച 2020 ജനുവരി 31ലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, മനീന്ദർ സിംഗ് എന്നിവരാണ് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായത്,

1996ൽ ബനാസ്കാന്ത പോലീസ് സൂപ്രണ്ട് ആയിരിക്കെ ഒരു അഭിഭാഷകനെ അന്യായമായി മയക്കുമരുന്ന് കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതാണ് സഞ്ജീവ് ഭട്ടിനെതിരായ എൻഡിപിഎസ് കേസ്. പാലൻപൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര കിലോ കറുപ്പ് അനധികൃതമായി ഒളിപ്പിച്ചത് സഞ്ജീവ് ഭട്ട് തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് പണം വാങ്ങി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്തയിടെ സഞ്ജീവ് ഭട്ടിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗോധ്രാനന്തര കലാപ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ ഉള്ളവർക്കെതിരെ സഞ്ജീവ് ഭട്ട്, ടീസ്ത സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവർ ഗൂഢാലോചന നടത്തുകയും കലാപം മുതലെടുക്കാൻ നിരവധി പേർക്ക് വഴിയൊരുക്കുകയും ചെയ്തു എന്നതാണ് കേസ്.

1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് സഞ്ജീവ് ഭട്ട്. 2019 ജൂൺ മാസത്തിലാണ് സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് കോടതി വിധി പുറപ്പെടുവിച്ചത്.

Related Articles

Back to top button