InternationalLatest

സ്ത്രീകള്‍ ഇനി ട്രെയിനുകള്‍ ഓടിക്കും

“Manju”

ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഇനി അതിവേഗ ട്രെയിനുകള്‍ ഓടിക്കും. ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യ ഘട്ടം 31 തദ്ദേശീയ വനിതകള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന്റെ  രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിസംബറില്‍ മുഴുവന്‍ പരീക്ഷകളും പരിശീലനവും പൂര്‍ത്തിയാക്കി സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപിടിത്തം, ട്രെയിന്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയിക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ റെയില്‍വേ ഗതാഗതം വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ ഓടിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്. തദ്ദേശീയരായ സ്ത്രീകള്‍ക്ക്, റെയില്‍വേ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. പരിശീലനം തുടരുന്നതോടെ വരും വര്‍ഷങ്ങളില്‍ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. രാജ്യത്തിനകത്ത് പൊതുവിലും ഹജ്ജ്, ഉംറ സീസണുകളില്‍ പ്രത്യേകിച്ച്‌ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button