KeralaLatest

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: മൂന്ന് ജില്ലയില്‍ നിന്നായി 547 ഹെക്ടര്‍ ഭൂമിയേറ്റെടുക്കും.

“Manju”

പാലക്കാട്: കോഴിക്കോട്-മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച്‌ നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് മൂന്ന് ജില്ലയില്‍നിന്നുമായി ആകെ ഏറ്റെടുക്കുക 547 ഹെക്ടര്‍ ഭൂമി.കോഴിക്കോട് ജില്ലയില്‍ ഫീല്‍ഡ് സര്‍വേ ഏറക്കുറെ പൂര്‍ത്തിയായി. പാലക്കാട് ജില്ലയില്‍ ഈ മാസം 10ന് സര്‍വേ ആരംഭിക്കും. സ്ഥലമെടുപ്പ് നടപടി പുരോഗമിക്കവേ, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുമെന്ന ആശങ്ക ജനങ്ങളില്‍ ശക്തമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് മൂന്ന് ജില്ലയിലായി 121 കി.മീറ്ററാണ് ദൈര്‍ഘ്യം. 61.44 കി.മീ. പാലക്കാടും 52.96 കി.മീ. മലപ്പുറത്തും 6.60 കി.മീ. കോഴിക്കോട്ടും എന്നിങ്ങനെയാണിത്. കോയമ്ബത്തൂര്‍-പാലക്കാട് ദേശീയപാതയിലെ മരുതറോഡ് വില്ലേജ് ഭാഗത്തു നിന്ന് തുടങ്ങി കോഴിക്കോട് എന്‍.എച്ച്‌ 66ലെ പന്തീരാങ്കാവിലാണ് പാത അവസാനിക്കുന്നത്. മൂന്ന് ജില്ലയിലുമായി 39 വില്ലേജിലൂടെയാണ് പാത കടന്നുപോകുന്നത്. നിര്‍മാണത്തിനും സ്ഥലമേറ്റെടുപ്പിനുമായി ആകെ വകയിരുത്തിയത് 8000 കോടി രൂപയാണ്.
സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള ത്രീ എ വിജ്ഞാപനം ജൂണ്‍ ആദ്യം പുറത്തിറക്കി. തുടര്‍ന്ന് ഇറക്കിയ ത്രീ സി വിജ്ഞാപനപ്രകാരമാണ് ഇപ്പോള്‍ സ്ഥലമുടമകളുടെ പരാതികളില്‍ ഹിയറിങ് നടക്കുന്നത്. ഡ്രോണ്‍ സര്‍വേ പ്രകാരം റോഡിന്റെ അലൈന്‍മെന്‍റില്‍ വ്യക്തതയില്ലാത്തത് ജനങ്ങളില്‍ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതുമൂലം ആരുടെയെല്ലാം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫീല്‍ഡ് സര്‍വേയിലൂടെ ഇതില്‍ വ്യക്തത വരുമെന്ന് അധികൃതര്‍ പറയുന്നു.
അലൈന്‍മെന്റ് തയാറാക്കുന്നതിന് 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് അളവ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍, പാത നിര്‍മിക്കാന്‍ 45 മീറ്റര്‍ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിന് നല്‍കുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയായിരിക്കും ഈ പദ്ധതിക്കും അവലംബിക്കുക.

Related Articles

Back to top button