KeralaLatest

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവരാകണം ഡോക്ടർമാർ- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവരാകണം ഡോക്ടർമാരെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ പതിമൂന്നാം ബി.എസ്.എം . എസ് ബാച്ചിന്റെ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഒരു ഡോക്ടറിന്റെ മേന്മ എന്നത് ബിരുദങ്ങളിൽ മാത്രല്ലെന്നും മറിച്ച് ഡോക്ടർ രോഗിക്ക് നൽകുന്ന സ്വാന്തനത്തിലും ചികിത്സയിലുമാണ്. ആതുരസേവനരംഗത്തുള്ളവർക്ക് ജനങ്ങളോട് പ്രതിബദ്ധതയും സമൂഹത്തോട് കടപ്പാടുമുണ്ടാകണം. ആരോഗ്യമേഖലയിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അതിനെ തരണം ചെയ്യുന്നതിൽ പങ്കു വഹിക്കുമ്പോഴാണ് ഏതു വൈദ്യശാസ്ത്രത്തിനും അർത്ഥമുണ്ടാകുന്നതെന്നും കോവിഡ് മഹാമാരിക്കാലത്ത് പൊതുജനാരോഗ്യത്തിൽ സിദ്ധവൈദ്യം വഹിച്ച പങ്ക് വളരെ വലുതാണെന്നും സ്വാമി പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ഹെൽത്ത്കെയർ വിഭാഗം ഇൻ-ചാർജ് സ്വാമി ഗുരുസവിധ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ സ്‌‌മിത കിരൺ, ഡോ. ബി. രാജ്കുമാർ, ഡോ. അഭിൽ മോഹൻ, ഡോ. വന്ദന.പി, ഹൻസ്‌‌രാജ്. ജി. ആർ, എസ്. വിജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ.കെ.വി.കൃഷ്ണവേണി സ്വാഗതവും ബിരുദവിദ്യാർത്ഥി അർജുൻ.പി.മോഹൻദാസ് കൃതജ്ഞതയും പറഞ്ഞു. കേരളആരോഗ്യസർവകലാശാല നടത്തിയ ബി.എസ്.എം.എസ് അവസാനവർഷ പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയ ആര്യ രവീന്ദ്രൻ, മംഗളവല്ലി, വിഷ്ണുപ്രിയ.ബി എന്നിവരെ അധ്യാപക രക്ഷകർത്തൃസമിതിയുടെ നേതൃത്വത്തിൽ മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. ബിരുദാനചടങ്ങിനോടനുബന്ധിച്ച് വൈകുന്നേരം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Related Articles

Back to top button