LatestThiruvananthapuram

പ്രവാസി വനിതകള്‍ക്കായി ‘വനിതാമിത്രം’

“Manju”

തിരുവനന്തപുരം: വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച്‌ നോര്‍ക്ക റൂട്ട്സ് പ്രവാസി വനിതകള്‍ക്കായി നടപ്പാക്കുന്ന സംരംഭകത്വ വായ്പാ പദ്ധതിയായ ‘വനിതാ മിത്ര’ ആരംഭിച്ചു. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നടന്ന വനിതാ വികസന കോര്‍പ്പറേഷന്റെ മെഗാ സംരംഭക കൂട്ടായ്മയില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ‘വനിതാ മിത്ര’ ഇക്കാര്യത്തില്‍ സഹായഹസ്തമാണെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍.ഡി.പി.ആര്‍.ഇ.എമ്മിന്റെ ഭാഗമായാണ് ‘വനിതാ മിത്രം’ നടപ്പാക്കുന്നത്.

“1970 കള്‍ മുതല്‍ മലയാളി പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രവാസമേഖലയിലെ സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഗദ്ദാമകളായും (ഗള്‍ഫിലെ വീട്ടുജോലിക്കാര്‍) മറ്റുമുളള ലോ പ്രൊഫൈല്‍ ജോലികള്‍ക്കായി വിദേശത്തേക്ക് പോകുന്നവരുടെ കഷ്ടപ്പാടുകള്‍ പലപ്പോഴായി നാം കണ്ടിട്ടുണ്ട്. ഗള്‍ഫില്‍ വീട്ടുജോലിക്ക് നിന്നിരുന്ന സമയത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രമുഖ നാടക-ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷയുടെ ആത്മകഥ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ‘സമീപ കാലത്ത് വനിതാ വികസന കോര്‍പറേഷന്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യ വര്‍ഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാര്‍ഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേര്‍ക്ക് നല്‍കിക്കൊണ്ട് കൈവരിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വനിത വികസന കോര്‍പറേഷന്‍ മുഖേന 2600 ഓളം വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വായ്പാ ധന സഹായം നല്‍കണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വായ്പകളിലൂടെ 7000 ഓളം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്‘. ഇത്തരത്തില്‍ പ്രതിവര്‍ഷം ശരാശരി 30,000 വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു വരുന്നുണ്ടെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

വനിതകള്‍ക്ക് സ്ഥിരമായ ജോലിയും വരുമാനവും സൃഷ്ടിക്കുകയാണ് വനിതാമിത്രപദ്ധതിയുടെ ലക്ഷ്യമെന്ന് നോര്‍ക്ക റൂട്ട്‌സ് സി. . ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും ചടങ്ങില്‍ വ്യക്തമാക്കി. രാജ്യം 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന അവസരത്തില്‍ ഓരോ സംരംഭകനും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാവുകയാണ്. കാര്യക്ഷമതയും മത്സരക്ഷമതയും അതോടൊപ്പം നിത്യനൂതന ആശയങ്ങളും സംരംഭകര്‍ക്ക് വേണമെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ഓര്‍മിപ്പിച്ചു. 2022- 2023 സാമ്പത്തിക വര്‍ഷം 1000 വനിതാ സംരംഭകര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി. ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായ സംരംഭകര്‍ക്കുളള വായ്പാ വിതരണവും നടന്നു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button