IndiaLatest

നഗരസഭ താക്കോല്‍ നല്‍കി; അടച്ചിട്ട കട തുറന്നു

“Manju”

തലശ്ശേരി: വന്‍ പിഴയീടാക്കാനുള്ള നഗരസഭയുടെ നടപടിയെ തുടര്‍ന്ന് നാടുവിട്ട ഫര്‍ണിച്ചര്‍ വ്യവസായികളായ ദമ്പതികള്‍ ഫര്‍ണിച്ചര്‍ യൂനിറ്റ് വീണ്ടും തുറന്നു. ഇന്നലെ തലശ്ശേരി നഗരസഭാ അധികൃതര്‍ വീട്ടിലെത്തി താക്കോല്‍ കൈമാറിയതോടെയാണ് ഇവര്‍ സ്ഥാപനം തുറന്നത്.പിഴ അടക്കാത്തതിനെ തുടര്‍ന്ന് എരഞ്ഞോളി കണ്ടിക്കല്‍ മിനി വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ സ്ഥാപനം നഗരസഭ അടച്ചുപൂട്ടിയതോടെയാണ് ഫര്‍ണിച്ചര്‍ വ്യവസായിയായ ചമ്പാട് തായാട്ട് ഹൗസില്‍ രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാടുപേക്ഷിച്ചത്.സ്ഥലം കൈയേറിയെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ഇവര്‍ക്ക് ഒരു വര്‍ഷം മുമ്പാണ് 4,18,500 രൂപ പിഴയിട്ടത്. പിഴ അടക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. ഇതിനെതിരെ ഇരുവരും ഹൈകോടതിയെ സമീപിച്ചു. പിഴ സംഖ്യ 10 ശതമാനമാക്കി കുറച്ചു നല്‍കി. ഹൈകോടതി വിധിയുണ്ടായിട്ടും നഗരസഭ നിഷേധാത്മക നിലപാട് തുടര്‍ന്നതോടെ മാനസിക വിഷമത്താല്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ശ്രീദിവ്യയും രാജ് കബീറും നാടുവിടുകയായിരുന്നു.

ഇനി അന്വേഷിക്കേണ്ടതില്ല എന്നും മറ്റുമുള്ള സന്ദേശം നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തായിരുന്നു യാത്ര. വ്യവസായികളുടെ തിരോധാനം വാര്‍ത്തയായതോടെ പൊലീസ് ഇടപെട്ടു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ച പൊലീസ് കോയമ്ബത്തൂരില്‍ നിന്നും ഇരുവരെയും കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നഗരസഭ റവന്യൂ ഇന്‍സ്പെക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമെത്തി താക്കോല്‍ കൈമാറിയതോടെയാണ് 37 ദിവസങ്ങളായി പൂട്ടിക്കിടന്ന സ്ഥാപനം തുറക്കാനായത്.

Related Articles

Check Also
Close
Back to top button