KeralaLatest

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

“Manju”

എറണാകുളം ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനി പടരുന്നു. ഈ മാസം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി അപകടകരമായ രീതിയില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നു വിമർശനമുയർന്നു.

രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതൽ ഡെങ്കി കേസുകൾ ഉള്ളതാകട്ടെ എറണാകുളത്തും. ഈ മാസം 11 വരെയുള്ള ആരോഗ്യവകുപ്പിന്റെ  ഔദ്യോഗിക കണക്കുമാത്രം പരിശോധിച്ചാല്‍ പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. മാറാടിയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി മരണം ആറായി.

ഇതോടെ ഈ വര്‍ഷത്തെ ഡെങ്കി മരണം എട്ടായെന്നാണ് കണക്ക്. തൃക്കാക്കര മേഖലയിൽ ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോർപറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പുണിത്തുറ തുടങ്ങിയ നഗരസഭകളിലും കേസുകൾ കൂടുകയാണ്. മഴ കനത്തതോടെയാണ് അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്കു ഡെങ്കിപ്പനി പടരുന്നതും പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നു. ഇടവിട്ടു പെയ്യുന്ന മഴയിൽ ഇത്തരം പ്ലാസ്റ്റിക് മാലിന്യമെല്ലാം കൊതുകു വളർത്തൽ കേന്ദ്രമാകാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്കു വളരാൻ വെറും 2 മില്ലിലീറ്റർ വെള്ളം മതി.

Related Articles

Back to top button