InternationalLatest

പെട്രോള്‍ കച്ചവടത്തിന് കമ്പനികളുടെ മത്സരം

“Manju”

സാമ്പത്തിക തകര്‍ച്ചയില്‍ പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യം അറിയിച്ച്‌ കൂടുതല്‍ വിദേശ കമ്പനികള്‍. രാജ്യത്തെ പെട്രോളിയം മേഖലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള 24 കമ്പനികളാണ് ശ്രീലങ്കന്‍ ഊര്‍ജ്ജ മന്ത്രാലയത്തെ സമീപിച്ചത്. വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ കടുത്ത ദൗര്‍ലഭ്യം കാരണം രാജ്യത്ത് പെട്രോളിയം ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ശ്രീലങ്കയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി കമ്പനികളെ കഴിഞ്ഞ മാസം ശ്രീലങ്ക ക്ഷണിച്ചിരുന്നു.

യു എ ഇ, സൗദി അറേബ്യ, അമേരിക്ക, ചൈന, ഇന്ത്യ, റഷ്യ, യുകെ, മലേഷ്യ, നോര്‍വേ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 24 കമ്പനികളാണ് ശ്രീലങ്കയില്‍ പെട്രോളിയം വിതരണത്തിന് തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചത്. വിവിധ കമ്പനികളില്‍ നിന്നും താത്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള അപേക്ഷ ലഭിച്ചതായി ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ശ്രീലങ്കയില്‍ 50 ഇന്ധന സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് അറിയിച്ചിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയതോടെയാണ് ഇത്.

അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക ലോകബാങ്കില്‍ നിന്നും വായ്പ നേടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ രണ്ടാം ഘട്ട ചര്‍ച്ച നടക്കുകയാണ്. രാജ്യത്തെ വൈദ്യുതി നിരക്ക് പരിഷ്‌കരണം, നികുതി ഘടന എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര നാണയ നിധി സര്‍ക്കാരിനോട് തേടിയിട്ടുണ്ട്. രാജ്യത്തിന് 51 ബില്യണ്‍ ഡോളര്‍ വിദേശ കടമുണ്ട്, അതില്‍ 28 ബില്യണ്‍ ഡോളര്‍ 2027ഓടെ തിരികെ നല്‍കേണ്ടതാണ്.

Related Articles

Back to top button