IndiaLatest

ചീറ്റപ്പുലികളെ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട് പ്രധാനമന്ത്രി

“Manju”

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഏഴ് പതിറ്റാണ്ടിന് ശേഷം രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളെയാണ് തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു. മൂന്ന് ചീറ്റകളേയാണ് നരേന്ദ്രമോദി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക.

നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഗ്വാളിയോറില്‍ എത്തുകയായിരുന്നു. ഗ്വാളിയോറില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയില്‍ എത്തിച്ചത്. വന്യജീവി വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും മൂന്ന് ബയോളജിസ്റ്റുകളും മൃഗങ്ങളെ അനുഗമിച്ചിരുന്നു. 10 കമ്പാര്‍ട്ടുമെന്‍റുകളുള്ള വൈദ്യുതീകരിച്ച ചുറ്റുപാട്, ചീറ്റകളെ കാട്ടിലേക്ക് വിടുന്നതിന് മുമ്പ് ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി നിര്‍മിച്ചിരുന്നു. ഓരോ ചീറ്റക്കുമായി ഓരോ വോളണ്ടിയറെ നിയോഗിച്ചിരുന്നു. അവര്‍ മൃഗങ്ങളെ നിരീക്ഷിക്കുകയായിരുന്നു. ജിയോലൊക്കേഷന്‍ അപ്ഡേറ്റുകള്‍ക്കായി ഓരോ ചീറ്റയിലും സാറ്റലൈറ്റ് റേഡിയോ കോളറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റകളെ വീണ്ടും എത്തിച്ചത്. കുറഞ്ഞത് 20 ചീറ്റകളെയങ്കിലും ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button