IndiaLatest

സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരണം

“Manju”

മുംബൈ : വനിതകള്‍ എല്ലാ മേഖലകളുടെയും നേതൃസ്ഥാനത്തേക്ക് വരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വനിതാ കോര്‍പ്പറേറ്റ് നേതാക്കള്‍ കൂടുതല്‍ നേതൃത്വപരമായ റോളുകള്‍ തിരഞ്ഞെടുക്കുകയും മുന്‍നിരയിലെത്തുകയും വേണം. മുംബൈയിലെ ബിഎസ്‌ഇ ആസ്ഥാനത്ത് നടന്ന വനിതാ ഡയറക്ടര്‍മാരുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി.

കോര്‍പ്പറേറ്റ് ലോകത്ത് മതിയായ വനിതാ നേതാക്കള്‍ ഇല്ല. നേതൃത്വപരമായ സ്ഥാനങ്ങളില്‍ തുടരാന്‍ തങ്ങള്‍ അര്‍ഹരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കണം എന്ന ചിന്തയാണ് അതിന് കാരണം. കൂടുതല്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുക മാത്രമാണ് ഇതിന്റെ പോംവഴിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കണക്കനുസരിച്ച്‌ ആഭ്യന്തര കമ്പനികളുടെ ബോര്‍ഡിലെ ശരാശരി സ്ത്രീകളുടെ എണ്ണം 1.03 ശതമാനമാണ്. ഇവരില്‍ 58 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരാണ്, അതേസമയം 42 ശതമാനം സ്വതന്ത്രരല്ല. ഡയറക്ടര്‍ ബോര്‍ഡുകളില്‍ കൂടുതല്‍ വനിതകള്‍ ഉള്ള കമ്പനികള്‍ കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ആഗോളതലത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ലാഭം വേണമെങ്കില്‍ ഞങ്ങളെയും ഉള്‍പ്പെടുത്താം. ഞങ്ങളെ ഒരിക്കലും അവഗണിക്കാന്‍ കഴിയില്ലകേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്‍കിട കമ്പനികളില്‍ വനിതാ ഡയറക്ടര്‍മാരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഇപ്പോഴും സ്ത്രീകളെ നേതൃസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ടത് ബന്ധപ്പെട്ട കമ്പനികളാണ്. കൂടുതല്‍ സ്ത്രീകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. അതിന് കോര്‍പ്പറേറ്റ് ലോകവും സമൂഹവും തന്നെ മുന്നിട്ടിറങ്ങണം എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button