KeralaLatest

‘ചക്കര’യെ കൊണ്ടുപോയതില്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍ രമേശന്‍

“Manju”

കല്‍പ്പറ്റ: ആദിവാസി യുവാവ് പരിപാലിച്ചിരുന്ന മൂന്ന് മാസം പ്രായമുള്ള പുള്ളിമാന്‍ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിട്ടു.
വയനാട്ടിലെ മീനങ്ങാടിയിലുള്ള മടൂര്‍ കാട്ടുനായ്ക്ക ആദിവാസി കോളനിയിലെ 26കാരന്‍ രമേശനാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണെങ്കിലും ‘ചക്കര’യെന്ന പേരുള്ള പുള്ളിമാന്‍ കുഞ്ഞിനെ വിട്ടുകൊടുത്തത്.
ദിവസ വേതന തൊഴിലാളിയായ രമേശന് ഫെബ്രുവരിയിലാണ് മാന്‍ കുഞ്ഞിനെ കിട്ടിയത്. തന്റെ വീടിനടുത്തുള്ള തോട്ടത്തിലേക്കുള്ള വഴിയില്‍ വച്ചാണ് പരിക്കേറ്റ നിലയില്‍ കുഞ്ഞിനെ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുമ്ബോഴും മാനിനെ അവിടെ തന്നെ കണ്ടു. നടക്കാന്‍ പോലുമാകാത്ത മാന്‍ കുഞ്ഞിനെ രമേശന്‍ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.
താമസിയാതെ തന്നെ രമേശന്‍ മാനിനെ വളര്‍ത്തുന്ന വാര്‍ത്ത വൈറലായി മാറി. പിന്നാലെയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ സ്ഥലത്തെത്തി മാനിനെ ഇരുളം വനത്തിലേക്ക് തുറന്നുവിട്ടത്.
രണ്ട് മാസത്തോളം മാന്‍ കുഞ്ഞിനെ പരിപാലിച്ച രമേശന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു ഉദ്യോ​ഗസ്ഥരുടെ നിലപാട്. എങ്കിലും നിയമം അനുസരിക്കാന്‍ യുവാവ് തയ്യാറാകുകയായിരുന്നു. ‘ചക്കര കുറച്ചുകാലം കൂടി ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കില്‍… പാല്‍ കുടിക്കുന്നത് നിര്‍ത്തുന്നത് വരെയെങ്കിലും’- എന്ന് രമേശന്‍ പറയുന്നു.
‘വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടെന്നാണ് എത്തിയത്. അവനെ കൈമാറാന്‍ ഞങ്ങള്‍ മാനസികമായി തയ്യാറായിരുന്നില്ല. ചക്കര സുന്ദരനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിക്കഴിഞ്ഞിരുന്നു’- രമേശന്‍ പറയുന്നു. വന ഭൂമിയിലെ ചെറിയ വീട്ടിലാണ് രമേശനൊപ്പം ചക്കരയും താമസിച്ചത്.
ചത്തു പോകുമെന്ന സ്ഥിതിയിലായിരുന്ന മാന്‍ കുഞ്ഞിനെ പൊന്നു പോലെ നോക്കിയ രമേശന്‍ അതിനെ മേയ്ക്കാനും മറ്റും കൊണ്ടു പോകുമായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു അതിനെ രക്ഷിക്കാന്‍ യുവാവ് കാവല്‍ വരെ നിന്നു. രമേശന്റെ ദയ ഇല്ലായിരുന്നുവെങ്കില്‍ മാന്‍കുഞ്ഞ് ചത്തു പോകുമായിരുന്നുവെന്ന് വെറ്ററിനറി ഡോക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
‘നിയമങ്ങള്‍ നിയമങ്ങളാണ്. രമേശന്‍ മാന്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. പക്ഷേ, നിയമപ്രകാരം ഒരു വന്യമൃഗത്തെ വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ല’- ചെതലയം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെവി ആനന്ദന്‍ പറഞ്ഞു.
വെറ്ററിനറി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ 24 മണിക്കൂര്‍ നിരീക്ഷണത്തിനും ശേഷമാണ് വനം വകുപ്പ് മാനിനെ തുറന്നുവിട്ടത്. മാന്‍ കുട്ടി ആരോ​ഗ്യം വീണ്ടെടുത്തതായും അതു പുല്ലു തിന്നുണ്ടെന്നും ഉദ്യോ​ഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button