Uncategorized

ദിവസവും 11 മിനിറ്റെങ്കിലും നടക്കൂ

“Manju”

കോവിഡ് മഹാമാരിക്കു ശേഷം പലരും ആരോഗ്യകാര്യത്തില്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനായി അധിക സമയമൊന്നും മാറ്റിവെയ്ക്കേണ്ടതില്ലെന്നു തെളിയിക്കുകയാണ് പുതിയ പഠനം. 11 മിനിറ്റ് നേരമേങ്കിലും അതിവേഗത്തില്‍ നടന്നാല്‍ പത്തിലൊന്ന് അകാലമരണങ്ങളെയും തടയാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷകര്‍ പറയുന്നു. മുന്‍പു നടത്തിയ 196 പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. 30 ദശലക്ഷത്തിലധികം ആളുകളെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തെക്കുറിച്ച്‌ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നാണിത്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിക്കുന്ന തരത്തില്‍, ആഴ്ചയില്‍ 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ആറിലൊന്ന് അകാല മരണങ്ങളും ഇല്ലാതാക്കാനാകുമായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ദിവസം 11 മിനിറ്റെങ്കിലും വ്യായാമങ്ങള്‍ ചെയ്താല്‍ പത്തിലൊന്ന് അകാല മരണങ്ങള്‍ തടയാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഇങ്ങനെ ചെയ്താല്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും ഉണ്ടാകാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളം കുറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതൊരു നല്ല വാര്‍ത്ത തന്നെയാണെന്നും ദിവസം പതിനൊന്നു മിനിറ്റ് മാത്രം ഇതിനായി മാറ്റിവെച്ചാല്‍ മതിയെന്നും പഠനത്തില്‍ പങ്കാളിയായ സോറന്‍ ബ്രേജ് പറ‍ഞ്ഞു. ”ഇതിനായി നിങ്ങള്‍ ജിമ്മിലൊന്നും പോകേണ്ടതില്ല. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതേയുള്ളൂ. വ്യായാമം ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. ജോലിക്കു പോകുന്നതിനായി ബസ് സ്റ്റോപ്പ് വരെ നടക്കുന്നതോ സൈക്കിള്‍ ചവിട്ടുന്നതോ ഒക്കെ ഇത്തരത്തിലുള്ള വ്യായാമമായി കണക്കാക്കാം”, ബ്രേജ് കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെത്തുര്‍ന്ന് 2019 ല്‍ ആഗോളതലത്തില്‍ 17.9 ദശലക്ഷം ആളുകളാണ് മരിച്ചത്. 2020 ല്‍ 10 ദശലക്ഷത്തോളം പേരാണ് കാന്‍സര്‍ ബാധിച്ച്‌ ലോകത്താകെ മരിച്ചത്.

ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിന്നും കംപ്യൂട്ടറുകളുടെയും ഫയലുകളുടെയും ലോകത്തേക്ക് ഇന്നത്തെ തലമുറ ചുവട് മാറി കഴിഞ്ഞു. ദീര്‍ഘ നേരം ഒരേ ഇരുപ്പില്‍ ഇരുന്ന് ജോലികള്‍ ചെയ്തു തീര്‍ക്കുന്നവരാണ് ഏറെയും. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ ദീര്‍ഘനേരം ഇരുന്നാല്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. പ്രമേഹം, പൊണ്ണത്തടി, അര്‍ബുദം തുടങ്ങിയ പല രോഗങ്ങള്‍ക്കും ദീര്‍ഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദീര്‍ഘനേരം ഇരിക്കേണ്ടി വരുമ്പോള്‍ ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യണമെന്നും ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ് 30 ശതമാനം വര്‍ദ്ധിപ്പിക്കാനും അകാലമരണം തടയാനും കഴിയുമന്നും പഠനം കണ്ടെത്തിയിരുന്നു.

 

Related Articles

Check Also
Close
Back to top button