IndiaLatest

പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമതാ ബാനര്‍ജി

“Manju”

കൊല്‍ക്കത്ത: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ രോഗ പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‌ര്‍ജി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും യോഗമാണ് ഇന്ന് വൈകിട്ട് 6.30ന് ചേരുക. ഇലക്ഷന്‍ പ്രചാരണ തിരക്കുകളുള‌ളതിനാല്‍ യോഗത്തില്‍ എത്താനാകില്ലെന്നും പകരം സംസ്ഥാന ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.

പ്രധാനമന്ത്രി വിളിച്ചു ചേര്‍ന്ന മുന്‍ യോഗത്തിലും മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്നാണ് അന്നും മമത അറിയിച്ചിരുന്നത്. ബംഗാളില്‍ നാലാംഘട്ട തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. മമതയുടെ തൃണമൂലിനെ തറപറ്റിച്ച്‌ അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനായി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെ ബിജെപിയുടെ വലിയ നേതാക്കളെല്ലാം ശക്തമായ പ്രചാരണമാണ് ബംഗാളില്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് മമതയുടെ ശ്രമം.

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കഴിഞ്ഞ ദിവസം 1.15 ലക്ഷം എത്തിയതോടെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്. ഇന്നും കൊവിഡ് രൂക്ഷമാകുന്ന സൂചനയാണ് പുറത്തുവരുന്നത്. 1,26,789 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 1,29,28,574 പേര്‍ക്കാണ്. 685 പേര്‍ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,66,862 ആയി. 12,37,781 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ അഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച നല്‍കിയിരുന്നു.കൃത്യമായ പരിശോധന, രോഗമുള‌ളവരെ ശരിയായി തിരിച്ചറിയുക, രോഗികളുടെ ചികിത്സ, കൊവിഡ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഉതകുന്ന തരത്തില്‍ ജനങ്ങളുടെ പെരുമാ‌റ്റം, വാക്‌സിനേഷന്‍ എന്നിവയായിരുന്നു അത്.

Related Articles

Back to top button