IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

“Manju”

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ഹരിയാണ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. വിഷ്ണു വിനോദ് (26 പന്തില്‍ 25), രോഹന്‍ കുന്നുമ്മല്‍ (18 പന്തില്‍ 26), അബ്ദുള്‍ ബാസിത് (15 പന്തില്‍ 27) എന്നിവരാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയില്‍ പതറിയ കേരളത്തെ എട്ടാമനായി ക്രീസിലെത്തിയ അബ്ദുള്‍ ബാസിത്താണ് വിജയത്തിലെത്തിച്ചത്. നേരത്തെ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനും ബാസിത്തിനായിരുന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (3), മുഹമ്മദ് അസ്ഹറുദ്ദീന്‍ (13), സച്ചിന്‍ ബേബി (4), കൃഷ്ണ പ്രസാദ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹരിയാണ തുടക്കത്തിലെ തകര്‍ച്ചയെ മറികടന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിരുന്നു. 25 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ജയന്ത് യാദവാണ് അവരുടെ ടോപ് സ്‌കോറര്‍. സുമിത് കുമാര്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ന്ന 62 റണ്‍സാണ് ഹരിയാണയെ 100 കടത്തിയത്.

Related Articles

Back to top button