IndiaLatest

അയോദ്ധ്യ സന്ദര്‍ശനം‍; ദീപോത്സവത്തില്‍ പങ്കെടുക്കും പ്രധാനമന്ത്രി

“Manju”

ഡല്‍ഹി : അയോദ്ധ്യ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 23 ന് ഉത്തര്‍പ്രദേശിലെത്തുന്ന മോദി അയോദ്ധ്യ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ദീപാവലിയുടെ തലേന്ന് റാം ജി കി പൈഡിയില്‍ നടക്കുന്ന ദീപോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശിലും അയോദ്ധ്യയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദീപോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യനഗരി സന്ദര്‍ശിക്കും. ഒരു മാസത്തിനുള്ളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാലാമത്തെ അയോദ്ധ്യ സന്ദര്‍ശനമാണിത്.

ഒക്‌ടോബര്‍ 23-ന് വൈകിട്ട് 5:40- ന് ശ്രീരാമ കഥാ പാര്‍ക്കില്‍ ശ്രീരാമന്റെ രാജ്യാഭിഷേകം പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിക്കും. വൈകുന്നേരം 6.30- ന് സരയു ഘട്ടില്‍ നടക്കുന്ന ആരതിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 6.40-നാണ് രാം കി പൗഡി ഘട്ടില്‍ നടക്കുന്ന ദീപോത്സവത്തില്‍ നരേന്ദ്രമോദി പങ്കെടുക്കുന്നത്. ദീപോത്സവം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. 15 ലക്ഷം ദീപങ്ങള്‍ തെളിച്ച്‌ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് അയോദ്ധ്യ.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ 2020 ലും 2021 ലും കൊറോണ പ്രതിസന്ധി കാലഘട്ടമായതിനാല്‍ ഭക്തരുടെ ആഘോഷങ്ങള്‍ നിരോധിച്ചിരുന്നു. ദീപോത്സവത്തില്‍ സാധാരണക്കാരുടെ വരവ് നിരോധിച്ചു. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വന്‍ ഭക്തജന തിരക്കായിരിക്കും അനുഭവപ്പെടുക. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ദീപോത്സവത്തില്‍ ഭാ​ഗമാകാന്‍ എത്തുന്നതോടെ അയോദ്ധ്യ അണിഞ്ഞൊരുങ്ങുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും അയോദ്ധ്യയുടെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും, രാമജന്മഭൂമി സുരക്ഷാ സമിതിയുടെ യോഗവും നടക്കും. ദീപോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ചയാണ് അയോദ്ധ്യ സന്ദര്‍ശിക്കുന്നത്.

Related Articles

Back to top button