KeralaLatest

അറബിക്കടലില്‍ മാറ്റുരച്ച്‌ വിക്രാന്തിന്റെ കപ്പല്‍വ്യൂഹ പരിശീലനം

“Manju”

കൊച്ചി: ഐഎന്‍എസ് വിക്രാന്തിന്റെ പോരാട്ടവീര്യം പ്രദര്‍ശിപ്പിക്കുന്നതിനായി അറബിക്കടലില്‍ നാവികാഭ്യാസം. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ് ആദ്യ ഫ്ലീറ്റ് ഇന്‍റഗ്രേഷന്‍ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ പശ്ചിമ കപ്പല്‍പടയുടെ ഭാഗമാണ് വിക്രാന്ത്. ഈ മാസം ആദ്യം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐ.എന്‍.എസ് വിക്രാന്ത് ഒരാഴ്ചയോളം സഞ്ചരിച്ച്‌ അറബിക്കടലിലെ മുംബൈ മേഖലയിലെത്തി.

ചെറുതും വലുതുമായ ഒന്‍പതിലധികം യുദ്ധക്കപ്പലുകള്‍ വിമാനവാഹിനിക്കപ്പലിനെ അനുഗമിക്കുന്നു. ഹെലികോപ്റ്ററുകളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമാനവാഹിനിക്കപ്പലുകള്‍ എല്ലായ്പ്പോഴും കപ്പല്‍പടയുടെ സംരക്ഷണത്തിലാണ് സഞ്ചരിക്കുന്നത്. സിസ്റ്റത്തിലെ എല്ലാ കപ്പലുകളുമായും സഹകരിച്ചുള്ള പരിശീലനം വ്യത്യസ്ത സാഹചര്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

കപ്പലിലെ യന്ത്രങ്ങളും ആയുധങ്ങളും പ്രതികൂല സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു യുദ്ധസാഹചര്യത്തില്‍ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ കൃത്രിമമായി സൃഷ്ടിച്ച്‌ അവ സ്വയം അല്ലെങ്കില്‍ മറ്റ് യുദ്ധക്കപ്പലുകളുടെ സഹായത്തോടെ സമയബന്ധിതമായി നിര്‍വീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഉന്നത നാവിക ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ വിക്രാന്ത് കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

Related Articles

Back to top button