KeralaLatest

ഒരാള്‍ക്ക് ഒരു പദവി, ഒരു പദവിയില്‍ പരമാവധി അഞ്ച് വര്‍ഷം

“Manju”

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തനിക്കൊപ്പം നിന്ന നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ച ശശി തരൂരും മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം, അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും തുടങ്ങി ഖാര്‍ഗെയ്ക്ക് മുന്നില്‍ ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ നിര്‍ണായക പ്രഖ്യാപനങ്ങളാണ് ഉള്ളത്. മാറ്റങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ ഒരു സമിതിയെ നിയോഗിക്കും.

പ്രസിഡന്‍റിനെ സഹായിക്കാന്‍ ഒന്നിലധികം വര്‍ക്കിംഗ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും നിയമിക്കാന്‍ സാധ്യതയുണ്ട്. മുകുള്‍ വാസ്നിക്, ദീപേന്ദര്‍ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കള്‍ പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗിനും പദവി നല്‍കിയേക്കും. തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമുണ്ടായിരുന്ന ആനന്ദ് ശര്‍മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെയും പരിഗണിക്കുമെന്നാണ് സൂചന. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നിന്ന രമേശ് ചെന്നിത്തലയും പുനഃസംഘടനയില്‍ ദേശീയ തലത്തില്‍ എത്താനാണ് സാധ്യത.

Related Articles

Back to top button