InternationalLatest

ടി20 ലോകകപ്പ് ; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം നാളെ

“Manju”

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ നാളെ സെമി ഫൈനല്‍ ബര്‍ത്ത് കൂടുതല്‍ ഉറപ്പിക്കാനായി ഇറങ്ങുകയാണ്. പെര്‍ത്ത് സ്റ്റേഡിയം വേദിയാവുന്ന സൂപ്പര്‍-12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. സൂപ്പര്‍-12ലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്‌വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് പ്രോട്ടീസിന് തിരിച്ചടിയായിരുന്നു. എങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മത്സരത്തിന് മുമ്പൊരു സന്തോഷ വാര്‍ത്ത ഇന്ത്യയിലെ ആരാധകര്‍ക്കുണ്ട് എന്നതാണ് സവിശേഷത.

ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരവും സെമിയും ഫൈനലും ഡിഡി സ്പോര്‍ട്‌സിലും തല്‍സമയം കാണാം. സ്റ്റാര്‍ സ്പോര്‍ട്‌സാണ് ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവ് സ്‌ട്രീമിങ്ങ് ചെയ്യുന്നത്.
ഞായറാഴ്‌ച വൈകിട്ട് ഇന്ത്യന്‍സമയം നാലരയ്‌ക്കാണ് പെര്‍ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം തുടങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ടുറപ്പിക്കാം. പാകിസ്ഥാനെ നാല് വിക്കറ്റിനും നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനു പരാജയപ്പെടുത്തിയ ഇന്ത്യയാണ് ഗ്രൂപ്പ് രണ്ടില്‍ മുന്നില്‍. രണ്ടില്‍ ഒരു മത്സരം മഴ കൊണ്ടുപോയതോടെ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്‍റുമായി രണ്ടാമതാണ്. മുൻ ലോകകപ്പുകളിൽ നിർഭാഗ്യം പലതവണ വിനയായ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തിലെ മഴ കനത്ത ആഘാതം നല്‍കി. പാകിസ്ഥാനെതിരായ അടുത്ത മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടമടക്കം മൂന്ന് മത്സരങ്ങള്‍ ലോകകപ്പില്‍ നാളെ നടക്കും. ബ്രിസ്‌ബേനിലെ ഗാബ വേദിയാവുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍സമയം രാവിലെ 8.30ന് ബംഗ്ലാദേശിനെ സിംബാബ്‌വെ നേരിടും. 12.30ന് പെർത്തിലെ ആദ്യ കളിയില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും മുഖാമുഖം വരും. ഇതിന് ശേഷമാണ് ഇന്ത്യയുടെ കളി.

Related Articles

Back to top button