IndiaLatest

സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി ; രാഷ്‌ട്രീയ ഏകതാ ദിനത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കെവാഡിയയില്‍ എത്തിയാണ് പ്രധാനമന്ത്രി ആദരവര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കുടുംബമോ സമൂഹമോ രാജ്യമോ ആകട്ടെ, എല്ലാത്തിലും ഐക്യം അനിവാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 –ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. സര്‍ദാര്‍ പട്ടേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് രാജ്യം മുഴുവന്‍ ഇപ്പോള്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ സമരത്തിന് സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്.

അന്ന് 550-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു . നമ്മുടെ നാട്ടുരാജ്യങ്ങള്‍  ഭാരതത്തോട് ആഴത്തിലുള്ള വിശ്വാസവും ത്യാഗബോധവും കാണിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. അസാധ്യമായ ഈ ദൗത്യം പൂര്‍ത്തിയാക്കിയത് സര്‍ദാര്‍ പട്ടേലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ദാര്‍ പട്ടേലിന്റെ ജയന്തിയും ഏകതാ ദിനവും നമുക്ക് കലണ്ടറിലെ കേവലം തീയതികളല്ല, ഇന്ത്യയുടെ സാംസ്‌കാരിക ശക്തിയുടെ മഹത്തായ ആഘോഷങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഐക്യം എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായിരുന്നു. ഐക്യമാണ് നമ്മുടെ പ്രത്യേകതയെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ദുഃഖങ്ങളിലും ആഘോഷങ്ങളിലും സന്തോഷങ്ങളിലും ബുദ്ധിമുട്ടുകളിലും നാം ഐക്യത്തോടെ നില്‍ക്കുന്നു.

നമ്മുടെ ഈ ഐക്യം, നൂറ്റാണ്ടുകളായി അധിനിവേശക്കാരുടെ മുന്നില്‍ ഒരു മുള്ളായി നില്‍ക്കുകയാണ്. അവര്‍ വിഭജനത്തിന്റെ വിഷവിത്തുക്കള്‍ വിതച്ചെങ്കിലും ഐക്യത്തിന്റെ അമൃത് കൊണ്ട് നാമതിനെ പരാജയപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button