IndiaLatest

വാണിജ്യ പാചകവാതകത്തിന് വില കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനം ആശ്വാസ വാര്‍ത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ എല്‍പിജിയുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് കുറച്ചത്. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കുന്നത്.

ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ് വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത്. വിലക്കുറവ് വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാകും. ഒക്ടോബര്‍ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ 25.5 രൂപ കുറച്ചിരുന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ജൂലൈ 6 മുതല്‍ ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്.

പുതിയ വിലവിവരമനുസരിച്ച്‌ 19 കിലോഗ്രാം ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡല്‍ഹിയില്‍ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു.

മുംബൈയില്‍ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2009.50 രൂപയില്‍ നിന്ന് 1893 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ ഡല്‍ഹിയില്‍ 1053 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്.

Related Articles

Back to top button