IndiaLatest

ആനി എബ്രഹാം സി ആര്‍ പി എഫിന്റെ തലപ്പത്തേക്ക്

“Manju”

ന്യൂഡല്‍ഹി : കലാപമേഖലകളില്‍ കുതിച്ചെത്തി കലാപകാരികളെ അടിച്ചമര്‍ത്താനുള്ള സി.ആര്‍.പി.എഫ് ദ്രുത കര്‍മ്മസേനയുടെ (റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്) തലപ്പത്തേക്ക് ഒരു മലയാളി വനിത എത്തുകയാണ്.

ആലപ്പുഴക്കാരി ആനി എബ്രഹാം ഇന്‍സ്പെക്ടര്‍ ജനറല്‍ (.ജി) സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചാണ് ദ്രുതകര്‍മ്മസേനയുടെ തലപ്പത്തെത്തിയത്. കേന്ദ്രസേനയായ സി.ആര്‍.പി.എഫിന്റെ ചരിത്രത്തിലാദ്യമായി ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ട് വനിതാ ഉദ്യോഗസ്ഥരിലൊരാളാണ് ആനി. ബീഹാര്‍ സെക്ടര്‍ മേധാവിയായി നിയമിതയായ ഐ.ജി സീമ ധുണ്ടിയയാണ് രണ്ടാമത്തെ വനിത.

അയോദ്ധ്യയില്‍ കലാപകാലത്തും ജമ്മുവില്‍ ഭൂമിക്കുവേണ്ടിയുള്ള കലാപകാലത്തുമെല്ലാം സി.പി.ആര്‍.പി.എഫ് സംഘത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആനി, ലൈബീരിയയില്‍ വനിതകള്‍ മാത്രമുള്ള ഐക്യരാഷ്ട്ര സഭയുടെ ദൗത്യസംഘത്തിന്റെ മേധാവിയായിരുന്നു. സി.ആര്‍.പി.എഫ് ആസ്ഥാനത്ത് ഇന്റലിജന്‍സ് ഡി..ജിയായും കാശ്മീരില്‍ ഓപ്പറേഷന്‍സ് വിഭാഗം ഡി..ജിയായും വിജിലന്‍സ് ഡി..ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മിസോറാമില്‍ പുരുഷ ബറ്റാലിയനെ നയിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ സെന്‍ട്രല്‍ ബറ്റാലിയനിലും ജമ്മുവിലും പ്രവര്‍ത്തിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, സ്‌തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, അതി ഉത്കൃഷ്ട് സേവാ പതക്, നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

1986ലാണ് സി.ആര്‍.പി.എഫില്‍ ആദ്യമായി മഹിളാ ബറ്റാലിയന്‍ സൃഷ്ടിച്ചത്. 1987ല്‍ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി. ആറ് വനിതാ ബറ്റാലിയനുകളിലായി ആറായിരം വനിതാ സേനാംഗങ്ങള്‍ സി.ആര്‍.പി.എഫിലുണ്ട്. ദ്രുത കര്‍മ്മസേനയുടെ (റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്) .ജിയായാണ് ആനി എബ്രഹാമിന്റെ പുതിയ നിയമനം. വിദഗ്ദ്ധപരിശീലനം നേടിയ കലാപനിയന്ത്രണ വിഭാഗമാണിത്.

.ജിയായുള്ള നിയമനം അംഗീകാരമായി കാണുന്നുവെന്ന് ആനി എബ്രഹാം പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ആനിയുടെ മാതാപിതാക്കള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലില്‍ ഭോപ്പാലിലാണ് ജോലി ചെയ്തിരുന്നത്. ആനിയെ സേനയില്‍ ചേര്‍ക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. പിതാവും അമ്മയുടെ ആഗ്രഹത്തെ പിന്തുണച്ചു. നിര്‍ഭാഗ്യവശാല്‍ ഈ പദവിയിലിരിക്കുന്നത് കാണാന്‍ അവര്‍ ഇരുവരും ഒപ്പമില്ലആനി പറഞ്ഞു. ഇതൊരു വലിയ നേട്ടമാണെന്നതില്‍ സംശയമില്ല. കേന്ദ്ര അര്‍ദ്ധസൈനിക സേനകളിലെ ജോലി വനിതകള്‍ക്ക് ഏറെ വെല്ലുവിളികള്‍ ഉള്ളതാണ്. രാജ്യത്തെ ഏറ്റവും ദുഷ്കരമായ മേഖലകളില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടുകയാണ് ദൗത്യം. കലാപ പ്രദേശങ്ങളിലായാലും തീവ്രവാദത്തെ നേരിടാനായാലും തിരഞ്ഞെടുപ്പായാലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ്.

സി.ആര്‍.പി.എഫില്‍ 3.1ശതമാനം വനിതകളാണുള്ളത്. പുതിയ ദൗത്യത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ദൗത്യം. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. നിരവധി ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. പരിശീലനത്തിനു ശേഷം ആദ്യത്തെ നിയമനം അയോദ്ധ്യയിലായിരുന്നു. അക്കാലത്ത് അവിടെ സംഘര്‍ഷങ്ങള്‍ തുടങ്ങുന്ന സമയമായിരുന്നു. എല്ലാം കൃത്യമായി ചെയ്യാനായി. നിരവധി പാഠങ്ങള്‍ പഠിക്കാനുമായി. കൂടുതല്‍ വനിതകള്‍ സേനയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ആനി പറഞ്ഞു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ ഐ.ജിയായി കടുത്ത ഉത്തരവാദിത്തമാണ് ആനിക്ക് നിര്‍വഹിക്കാനുള്ളത്. കലാപനിയന്ത്രണം, പ്രതിഷേധങ്ങള്‍ നേരിടല്‍, ക്രമസമാധാന ചുമതലകളിലാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിന്യസിക്കുന്നത്. വി..പി സന്ദര്‍ശനം, വന്‍ ജനക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന പൊലീസിനെ സഹായിക്കാനും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിക്കാറുണ്ട്. അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ എല്ലാ കേന്ദ്ര സായുധ സേനകളിലെയും വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ടാബ്ലോ അവതരിപ്പിക്കാനുള്ള ചുമതല കേന്ദ്രആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത് ആനിക്കാണ്.

 

Related Articles

Back to top button