Thiruvananthapuram

ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക ഉപകരണങ്ങള്‍

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക ഉപകരണങ്ങള്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം വിതരണം ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ഭിന്നശേഷിക്കാര്‍ക്ക് ഇത് സഹായകമാകും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഒരുപകരണം ഒരാള്‍ക്ക് ഒന്നിലധികം തവണ നല്‍കരുതെന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. എത്രയും വേഗം ഈ സഹായകരമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തി രാഷ്ട്ര നിര്‍മ്മാണത്തിന് ഉതകുന്ന രീതിയില്‍ പ്രാപ്തരാക്കുന്നതിന് അവര്‍ക്ക് തടസമാകുന്ന വെല്ലുവിളികളെ മറികടക്കാനാണ് നൂതന സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായി സാമൂഹ്യനീതി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള സാമൂഹ്യ സുരക്ഷാമിഷന്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഭിന്നശേഷി മേഖലയില്‍ വിവിധതരത്തിലുളള സേവനങ്ങള്‍ നല്‍കുന്നതിനുളള നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് രണ്ട് പ്രാവശ്യം ദേശീയ പുരസ്‌കാരം ലഭിച്ചു. 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരവും ‘ഭിന്നശേഷി നയം’ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ അവാര്‍ഡുമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button