InternationalLatest

കോവിഡ് തിരിച്ചുവരവിന് സാധ്യത കുറവ്

“Manju”

കോവിഡ് മഹാമാരിയുടെ തിരിച്ച്‌ വരവിന് ഇനി സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കോവിഡ് -19 ല്‍ നിന്നുള്ള ഭീഷണി അവസാനിച്ചതായി കരുതാമെന്ന് മുന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ശാസ്ത്രജ്ഞന്‍ ഡോ രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

ഏകദേശം ഒരു വര്‍ഷം മുമ്പ്, ലോകാരോഗ്യസംഘടന ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദമായി പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും അത് ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍, അതിന് ശേഷം ഇതുവരെ പുതിയ ഒരു വകഭേദം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

“ഏതാണ്ട് ഓരോ ആറ് മാസത്തിലും കോവിഡിന്റ പുതിയ തരംഗങ്ങള്‍ വരുന്നതായാണ് നമ്മള്‍ മുമ്പ് കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍, അതേ ഒമിക്രോണ്‍ പരമ്പര മാറ്റമില്ലാതെ തുടരുകയാണ്” ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. കാര്യങ്ങള്‍ വീണ്ടും രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കേണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് യാതൊരു സാധ്യതയുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗംഗാഖേദ്കറുടെ അഭിപ്രായത്തില്‍, ലോകം ഇപ്പോള്‍ കാണുന്നത് “കേന്ദ്രീകൃത പരിണാമം” ആണ്. ഇതനുസരിച്ച്‌ അണുജീവികള്‍ക്ക് പരിണാമം സംഭവിക്കുകയും വ്യത്യസ്ത വകഭേദങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മരുന്നുകളോടോ അല്ലെങ്കില്‍ വാക്സിന്‍, മുന്‍കാല അണുബാധ എന്നിവയെ തുടര്‍ന്നുണ്ടാകുന്ന ശരീരത്തിന്റെ പ്രതിരോധത്തോടോ ഉള്ള പ്രതികരണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്ന് ഗംഗാഖേദ്കര്‍ പറയുന്നു.

ഇന്ന്, ലോകമെമ്പാടും, വൈറസിന്റെ ഒരു വംശപരമ്പര മാത്രമാണ് ഉള്ളത് – ഒമിക്രോണ്‍ വംശത്തിലെ എല്ലാ വകഭേദങ്ങളും ഒരേ കുടുംബത്തില്‍പെട്ടതാണ്. മിക്കതും ഒരുപോലെയാണ് കാണപ്പെടുന്നുതെങ്കിലും ഇവയ്ക്ക് ചെറിയ മാറ്റങ്ങള്‍ ഉണ്ട്.
“ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ നവംബറില്‍ ആണ്. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഈ നവംബര്‍ എത്തുന്നതിനുള്ളില്‍ ഒമിക്‌റോണിന്റെ വ്യത്യസ്ത പരമ്പരകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചെങ്കിലും ആശങ്കപ്പെടേണ്ട മറ്റൊരു വകഭേദവും ഇതുവരെ കണ്ടെത്തിയിട്ടില്ല. നമ്മള്‍ വൈറസിന്റെ പുതിയ പല പരിണാമങ്ങളും കണ്ടു, എന്നാല്‍ ഇവയൊന്നും രോഗതീവ്രതയോ ആശുപത്രിയിലെ പ്രവേശന നിരക്കോ ഉയരാന്‍ കാരണമായിട്ടില്ല,” ഗംഗാഖേദ്കര്‍ പറഞ്ഞു

Related Articles

Back to top button