KasaragodKeralaLatest

സപ്ലൈക്കോയിലേക്ക് വന്ന അരി സ്വകാര്യ ഗോഡൗണിലേക്ക് മറിച്ച്‌ വില്‍ക്കാന്‍ പോലീസ് കൂട്ടുനിന്നതായി പരാതി; അന്വേഷണം തുടങ്ങി

“Manju”

സിന്ധുമോൾ. ആർ

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് സപ്ലൈകോ വഴി സര്‍ക്കാര്‍ സബ്സിഡിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു ലോഡ് അരി മറിച്ച്‌ വില്‍ക്കാന്‍ പോലീസ് കൂട്ടുനിന്നുവെന്ന പരാതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം തുടങ്ങി. ജില്ലാ ജനകീയ നീതി വേദി എക്സിക്യൂട്ടീവ് അംഗം കളനാട് ദേളി വളപ്പ് സുല്‍ത്താന്‍ മഹല്ലിലെ എം എം കെ സിദ്ദീഖാണ് എസ് പിക്ക് പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ കര്‍ണാടക പെര്‍ള അതിര്‍ത്തി വഴി ഒരു സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സമീപം ഒരു ലോഡ് അരി എത്തിയപ്പോള്‍ പോലീസ് പിടിച്ചെടുക്കുകയും പിന്നീട് പോലീസ് അധികൃതര്‍ ലോറിയടക്കം രണ്ട് ലക്ഷം രൂപയിലധികം കൈക്കുലി വാങ്ങി പുലര്‍ച്ചെ തന്നെ അരിയും വാഹനവും വിട്ടു കൊടുക്കുകയും ചെയ്തതായാണ് പരാതി. ഇതിനെ കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ കുറ്റവാളികളെ കണ്ടെത്തണമെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറെക്കാലമായി കര്‍ണാടകയില്‍ നിന്നും സര്‍ക്കാര്‍ ഗോഡൗണിലേക്ക് കൊണ്ടുവരുന്ന അരി സാധനങ്ങള്‍ സിവില്‍ സപ്ലൈസിലെ ചില ഉദ്യോഗസ്ഥരും അരികളളക്കടത്ത് മാഫിയയും ചേര്‍ന്ന് സ്വകാര്യ ഗോഡൗണിലേക്ക് എത്തിച്ച്‌ മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നതെന്നാണെന്നും പരാതിയില്‍ പറയുന്നു.

അരി കള്ളക്കടത്തുകാര്‍ തമ്മിലുള്ള പോരിന്റെ ഭാഗമായി പോലീസിന് മറുവിഭാഗം രഹസ്യം ഒറ്റുകൊടുക്കുകയും പോലീസ് അത് പിടിച്ചെടുക്കുകയും വന്‍തുക ഈടാക്കി വാഹനമടക്കം തിരിച്ചു നല്‍കുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ്പ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേ സമയം ബദിയടുക്ക സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരാരും സംഭവം അറിഞ്ഞിട്ടില്ലെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഏതെങ്കിലും ചില ഉദ്യോസ്ഥര്‍ രഹസ്യമായി കേസില്ലാതാക്കാന്‍ പിടികൂടിയ അരി വിട്ടു കാടുക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബദിയടുക്കയിലുള്ളതെന്നും അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് മേലധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയോട് പരാതിയില്‍ കഴമ്ബുണ്ടോയെന്ന് അന്വേഷിക്കാനാണ് ജില്ലാ പോലീസ് ചീഫ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരനോട് ചൊവ്വാഴ്ച മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button