IndiaLatest

വൈറലായ മെഴുക് പ്രതിമയ്ക്ക് പിന്നില്‍ യുവ ശിൽപി ശ്രീധര്‍ മൂര്‍ത്തി

“Manju”

കര്‍ണാടകയിലെ കോപ്പലില്‍ വ്യവസായി ഭാര്യയുടെ മെഴുക് ശിൽപം വീട്ടിൽ സ്ഥാപിച്ചത് വൈറൽ ആയിരുന്നു. തന്റെ ഭാര്യയുടെ വിരഹം വല്ലാതെ അലട്ടിയിരുന്ന വ്യവസായിയായ ശ്രീനിവാസ് മൂർത്തി പ്രതിമ തീർത്തത് പ്രണയത്തിന്റെ അനന്തതയ്ക്ക് മറ്റൊരു ഉദാഹരണമാണ്. എന്നാൽ ജീവൻ തുടിക്കുന്ന പ്രതിമയ്ക്ക് പിന്നിലെ കലാ ഹൃദയം ആരുടെതാണ്? ബംഗളൂരുവിലെ കലാകാരന്മാർക്ക് പ്രസിദ്ധമായ ഗോംബെ മാനെയിൽ നിന്നുമാണ് ഈ പ്രതിമയ്ക്ക് പിന്നിലെ കൈകളെ വ്യവസായി കണ്ടെത്തിയത്.

ശ്രീധർ

ശിൽപികളുടെ കുടുംബത്തിൽ നിന്നുള്ള ഒരു ഇളമുറക്കാരനാണ് പ്രതിമയ്ക്ക് പിന്നിൽ. 200 വർഷങ്ങളായി ശിൽപ നിർമാണത്തില്‍ തന്റെ കുടുംബം പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീധർ മൂർത്തി പറയുന്നു. മൈസൂർ രാജാക്കാന്മാരുടെ കാലത്ത് തന്നെ അറിയപ്പെട്ടിരുന്ന കലാകുടുംബമാണ് ശ്രീധറിന്റെത്. തന്റെ മുത്തച്ഛൻ പിൻതലമുറയിലെ കലാകാരന്മാരെ കുറിച്ചുള്ള കഥകൾ പറഞ്ഞുതന്നിട്ടുണ്ട്. വിജയ നഗര സാമ്രാജ്യ കാലത്ത് ഹംപിയിൽ കലാവിസ്മയം തീർത്തിരുന്ന പലരും തന്റെ കുടുംബത്തിലുണ്ടായിരുന്നവെന്ന് ദ ന്യൂസ് മിനുറ്റിനോട് ശ്രീധർ പറഞ്ഞു. ടിപ്പു സുൽത്താന്റെ സദസിലും തന്റെ മുതുമുത്തച്ഛൻമാർക്ക് സ്ഥാനമുണ്ടായിരുന്നു.

ശ്രീധറിന്റെ അച്ഛൻ ശിൽപി കാശിനാഥ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സിവിൽ എഞ്ചിനിയറിംഗ് ആണ് പഠിച്ചതെങ്കിലും തന്റെ പാഷൻ തിരിച്ചറിഞ്ഞ് ശിൽപ്പനിർമാണത്തിലേക്ക് തിരിയുകയായിരുന്നു ശ്രീധർ. ശിവമോഗ ജില്ലയിലെ ശിക്കാരിപൂർ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ മുരുഡേശ്വരത്തെ ശിവപ്രതിമക്കായും പ്രവർത്തിച്ചിട്ടുണ്ട്.

താപനില ക്രമീകരിച്ച ശേഷമേ മെഴുക് പ്രതിമകൾ നിർമിക്കാൻ സാധിക്കുവെന്ന് ശ്രീധർ പറയുന്നു. ആദ്യമായി നിർമിച്ച മെഴുക് പ്രതിമ സിദ്ധലിംഗേശ്വര സ്വാമിയുടേതാണ്. ശിൽപ നിർമാണത്തിന് സുഹൃത്തായ ആനന്ദും ശ്രീധറിനൊപ്പം ഉണ്ട്. സിലിക്കോൺ ആണ് പുതിയ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ശ്രീധർ പറയുന്നു.

ഫൈബർ ഗ്ലാസും സിലിക്കോണിന് ഒപ്പം ഉപയോഗിക്കുന്നുണ്ട്. ആദ്യം കളിമണ്ണോ പ്ലാസ്റ്റർ ഓഫ് പാരീസോ വച്ച് മോൾഡ് ഉണ്ടാക്കും. എന്നിട്ട് ഫൈബർ ഗ്ലാസ് ഒഴിക്കും. ശേഷമാണ് സിലിക്കോൺ കൂടി പ്രതിമയിൽ ചേർക്കുക. പുതിയ മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് വെല്ലുവിളിയാണെങ്കിലും ഭംഗിയുള്ള പുതിയ എന്തെങ്കിലും അതിൽ നിന്ന് കണ്ടെത്താനാകുന്നുവെന്ന് ശ്രീധർ പറയുന്നു.

Related Articles

Back to top button