InternationalLatest

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

25 കിലോ സ്വര്‍ണം വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ ജ്വല്ലറികള്‍

“Manju”

ദുബായ് : ഇരുപത്തിയെട്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ജനുവരി 29 വരെ 46 ദിവസം നീണ്ടുനില്‍ക്കുന്ന മേളയാണ് ഇത്തവണ നടക്കുന്നത്.

10 ലക്ഷം ദിര്‍ഹം, ഒരു കിലോ സ്വര്‍ണം, ഡൗണ്‍ ടൗണ്‍ ദുബായില്‍ അപ്പാര്‍ട്ട്മെന്‍റ് തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇത്തവണ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഏകദേശം നാല് കോടി ദിര്‍ഹമാണ് സമ്മാനങ്ങളുടെ ആകെ മൂല്യം. ഷോപ്പിംഗ് ഫെസ്റ്റിവലിന് മാറ്റുകൂട്ടാന്‍ ലോകകപ്പ് ഫാന്‍ ഫെസ്റ്റും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം എന്ന തലക്കെട്ടോടെ ദുബായ് ടൂറിസം വകുപ്പ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി പരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടത്തുന്നുണ്ട്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഭാഗ്യശാലികള്‍ക്ക് 25 കിലോ സ്വര്‍ണാഭരണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ ജ്വല്ലറികളായ മലബാര്‍ ഗോള്‍ഡും ജോയ് ആലുക്കാസും രംഗത്തു വന്നു. 500 ദിര്‍ഹമിന്റെ സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുന്നവര്‍ക്ക് പര്‍ച്ചേസിനോടൊപ്പം നല്‍കുന്ന കൂപ്പണ്‍ വഴിയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.

മലബാര്‍ ഗോള്‍ഡിന്റെ യുഎഇയിലെ എല്ലാ ഔട്ട്ലെറ്റുകളിലും, ദുബായ് ജ്വല്ലറി ഗ്രൂപ്പിന്‍റെ എല്ലാ ഷോപ്പുകളിലും റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ നടക്കുന്ന റാഫിള്‍ ഡ്രോയില്‍ നാലു വിജയികള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനിക്കും. മെഗാഡ്രോയില്‍ 12 വിജയികള്‍ക്ക് മൂന്ന് കിലോ സ്വര്‍ണം ലഭിക്കും. ജോയ് ആലുക്കാസും ഒന്നിടവിട്ട ദിവസങ്ങളില്‍ നാലു കിലോ സ്വര്‍ണവും, മെഗാഡ്രോയില്‍ 12 പേര്‍ക്ക് മൂന്നു കിലോ സ്വര്‍ണവും സമാനമായി നല്‍കുന്നുണ്ട്. ജോയ് ആലുക്കാസിന്റെ ദുബായിലുള്ള എല്ലാ ഔട്ട്ലെറ്റുകളിലും പര്‍ച്ചേസിനോടൊപ്പം റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ബംബര്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് മലബാര്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഷംലാല്‍ അഹമ്മദും, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍പോള്‍ ആലുക്കാസും പറഞ്ഞു

Related Articles

Back to top button